UPDATES

ട്രെന്‍ഡിങ്ങ്

മരട് ഫ്‌ളാറ്റ്: ചീഫ് സെക്രട്ടറി ഇന്ന് സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാകും; പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സമരം ഇന്ന് മുതല്‍

കോടതി ഉത്തരവിനെതിരെ സിപിഎം ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയപ്പോഴാണ് സിപിഐ സമരവുമായി രംഗത്തെത്തുന്നത്

മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാകും. ഇതിനായി അദ്ദേഹം ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി. കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതാണ് നല്ലതെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്.

അതേസമയം നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തില്‍ ഇന്ന് സമരം ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്ക് മരടില്‍ ചേരുന്ന സായാഹ്ന ധര്‍ണ്ണ സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. കോടതി ഉത്തരവിനെതിരെ സിപിഎം ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയപ്പോഴാണ് സിപിഐ സമരവുമായി രംഗത്തെത്തുന്നത്. കോടതി ഉത്തരവ് കണ്ണില്‍ ചോരയില്ലാത്തതാണെന്നാണ് ഇവരുടെ വാദം. ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണെന്നും നഷ്ടപരിഹാരം ഈടാക്കേണ്ടത് അവരില്‍ നിന്നാണെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.

മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബഹുജന കണ്‍വെന്‍ഷനും നടക്കും. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെച്ചാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുക.

ഇതിനിടെ മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് സുപ്രികോടതിയ്ക്ക് പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗണ്‍സില്‍ കത്തയച്ചിരുന്നു. ഈ കത്തും സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സുപ്രിംകോടതി രജിസ്ട്രി ഇക്കാര്യം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് പുറത്തിറക്കി. നേരത്തെ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മയുണ്ടായാല്‍ മാപ്പ് തരണമെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മരട് കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

ഒഴിഞ്ഞുപോകാന്‍ ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കിയ നോട്ടീസിന്റെയും പൊളിക്കാനുള്ള ടെന്‍ഡറിന്റെയും സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയതിന്റെയും വിശദാംശങ്ങളാണ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്രാസ് ഐഐടിയുടെ വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നടപ്പാക്കുന്നതെന്നും ചീഫ് സെക്രട്ടറി സുപ്രിംകോടതിയെ അറിയിച്ചു.

also read:പാലായില്‍ മാണിയുടെ പകരക്കാരനെ തെരഞ്ഞെടുക്കുന്ന പോര് ഇന്ന്; ജനവിധി തേടി 13 സ്ഥാനാര്‍ത്ഥികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍