UPDATES

ട്രെന്‍ഡിങ്ങ്

ജോസഫ് ചെന്നിത്തലയെ കണ്ടു: ചാഴിക്കാടനെ മാറ്റി വിട്ടുവീഴ്ചയില്ലെന്ന് മാണി

കേരള കോണ്‍ഗ്രസിലെ വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ചര്‍ച്ച ചെയ്യും.

കേരളാ കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പിജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തുമ്പോള്‍ തര്‍ക്കത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കെഎം മാണി. ഇതിനിടെ പാര്‍ട്ടി കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തോമസ് ചാഴിക്കാടന്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

എന്‍എസ്എസ് നേതൃത്വവുമായും ഡിസിസി ഭാരവാഹികളുമായും തോമസ് ചാഴിക്കാടന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് നഗരത്തിലുടനീളം വോട്ട് അഭ്യര്‍ത്ഥനയുമായി തോമസ് ചാഴിക്കാടന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും നേരിട്ട് കാണാനാണ് സ്ഥാനാര്‍ത്ഥിയുടെ പരിപാടി.

പ്രശ്‌ന പരിഹാരത്തിന് ഇടപെടുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കളോ യുഡിഎഫ് നേതൃത്വമോ സമീപിച്ചാല്‍ ചര്‍ച്ചക്ക് നേരെ കേരളാ കോണ്‍ഗ്രസ് മുഖം തിരിക്കാനിടയില്ല. പക്ഷെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന സന്ദേശമാണ് കെഎം മാണി തുടക്കത്തിലെ നല്‍കുന്നത്.

കേരളാ കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു എന്ന ആക്ഷേപം ആദ്യം മുതല്‍ കെഎം മാണിക്കും സംഘത്തിനും ഉണ്ട്. പ്രശ്‌ന പരിഹാരം തേടി ജോസഫ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ സമീപിച്ചതും പോലും ഈ ആക്ഷേപം ശരി വക്കുന്നതാണെന്നാണ് മാണി വിഭാഗം നേതാക്കളുടെ നിലപാട്. ഇതിനിടെ ജോസഫ് ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് ജോസഫ് ചര്‍ച്ച നടത്തിയത്. കേരള കോണ്‍ഗ്രസിലെ വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തുക.

സ്ഥാനാര്‍ത്ഥിയെ മാറ്റിയോ പിജെ ജോസഫിന് സീറ്റ് നല്‍കിയോ യാതൊരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കുക യുഡിഎഫ് നേതൃത്വത്തിന് വെല്ലുവിളിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍