UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവോത്ഥാന സംരക്ഷണ സമിതിയില്‍ കൂട്ടത്തല്ല്; സുഗതന്റേത് സംഘപരിവാര്‍ ആശയങ്ങളെന്ന് വെള്ളാപ്പള്ളിയും പുന്നലയും

നവോത്ഥാന സമിതി മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പരിപാടിയോ?

രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ നവോത്ഥാനത്തെ മുന്നോട്ട് നയിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവോത്ഥാന സംരക്ഷണ സമിതി പൊളിഞ്ഞു. ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ 54 സംഘടനകള്‍ പുറത്ത് പോയതോടെയാണ് നവോത്ഥാന സമിതിയുടെ തകര്‍ച്ച വെളിച്ചത്തുവന്നത്.

സംവരണ മുന്നണിയായി മാറിയെന്ന് പറഞ്ഞാണ് സി പി സുഗതന്‍ ഹിന്ദു പാര്‍ലമെന്റിലെ സംഘടനകള്‍ സമിതിയില്‍ നിന്നും പിന്മാറുന്നതായി വ്യക്തമാക്കിയത്. അതേസമയം സി പി സുഗതനും ഹിന്ദുപാര്‍ലമെന്റും കടലാസ് പുലിയാണെന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി രൂപീകരിച്ചതെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. ഒരു സുഗതന്‍ പോയതുകൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കില്ല. സമിതി പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തിക്കും. സുഗതന് പാര്‍ലമെന്ററി വ്യാമോഹമാണ്. സുഗതന്റെ നിലപാട് ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നതാണ്.

നവോത്ഥാന സമിതി മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പരിപാടിയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജനങ്ങള്‍ തന്നെ അതിനെ തള്ളിക്കളഞ്ഞതാണ്. വിശ്വാസ സമൂഹത്തെ വഞ്ചിച്ച് നടത്തിയ പരിപാടിയാണ് നവോത്ഥാന സമിതിയെന്നും ചെന്നിത്തല വിമര്‍ശിക്കുന്നുണ്ട്. ഹിന്ദു ഐക്യമുണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരിച്ചു. ശബരിമല സമരത്തെ തകര്‍ക്കാന്‍ ഉണ്ടാക്കിയ തട്ടിക്കൂട്ട് സമിതിയാണ് നവോത്ഥാന സംരക്ഷണ സമിതിയെന്നും മുരളീധരന്‍ പറയുന്നു. അത് പൊളിയുന്നത് സ്വാഭാവികമാണെന്നാണ് മുരളീധരന്റെ നിലപാട്.

സിപി സുഗതന്റേത് സംഘപരിവാറിന്റെ ആശയങ്ങളാണെന്നാണ് വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും പറഞ്ഞു. ശബരിമലയില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്നാണ് നവോത്ഥാന സമിതിയുടെ നിലപാടെന്ന് പുന്നല ഉറപ്പിച്ച് പറയുന്നു. പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് നവോത്ഥാന സംരക്ഷണ സമിതിയെ ഹൈജാക്ക് ചെയ്‌തെന്ന് ആരോപിച്ചാണ് ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സി പി സുഗതന്‍ 54 സംഘടനകള്‍ സമിതിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ശബരിമല പൊതുഇടമായി മാറണമെന്നും ആത്മീയ രംഗത്ത് പരിഷ്‌കരണങ്ങളുണ്ടാകുമ്പോള്‍ ദഹനക്കേടുകള്‍ സ്വാഭാവികമാണെന്നും പുന്നല പറഞ്ഞു. യുവതികള്‍ ശബരിമലയിലെത്തണമെന്ന നിര്‍ബന്ധമാണ് പുന്നലയ്ക്കുള്ളതെന്ന സുഗതന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പുന്നല ഇങ്ങനെ പറഞ്ഞത്. സുഗതന്റെ നിലപാട് മുമ്പും സമിതിക്കുള്ളില്‍ പ്രശ്‌നമായിട്ടുണ്ട്. സുഗതന്റേത് സംഘപരിവാര്‍ ആശയങ്ങളാണ്. ശബരിമലയില്‍ ലിംഗസമത്വം ഉറപ്പാക്കാനാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. താനും വെള്ളാപ്പള്ളിയും ചേര്‍ന്ന് സമിതി ഹൈജാക്ക് ചെയ്‌തെന്ന ആരോപണം ശരിയല്ലെന്നും പുന്നല പറയുന്നു.

സമിതിയില്‍ നിന്നും പിന്മാറാന്‍ സമിതിയുടെ ജോയിന്റ് കണ്‍വീനറായ സിപി സുഗതന്റെ നേതൃത്വത്തിലുള്ള ഹിന്ദു പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. സമിതിയിലെ 54 സംഘടനകള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു സുഗതന്റെ അവകാശവാദം. വിശാല ഹിന്ദു ഐക്യത്തിന് സമിതി തടസമാണെന്നായിരുന്ന വിലയിരുത്തലിലാണ് തീരുമാനം. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്.

also read:ഹീറോ അല്ല ഷീറോ; അപമാനിക്കപ്പെട്ടവരില്‍നിന്ന് അംഗീകാരം പൊരുതി നേടിയെടുത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ വിജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍