UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീതി കിട്ടിയില്ല: പത്താംക്ലാസുകാരന്‍ യുപി പോലീസ് മേധാവിയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചു

തന്റെ സഹോദരന്‍ സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടതിനെക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ഈ സാഹസത്തിന് മുതിര്‍ന്നത്‌

ഉത്തര്‍പ്രദേശ് ഡിജിപി ഓം പ്രകാശ് സിംഗിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ വന്നപ്പോള്‍ ഗൊരഖ്പുര്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. 45,000 രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിച്ച് കണ്ടെത്തുകയും 30,000 രൂപ മടക്കി നല്‍കുകയും ചെയ്തു.

ഡിജിപിയുടെ യൂണിഫോമിലുള്ള ചിത്രം ഉള്‍പ്പെടുത്തിയ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നിര്‍ദ്ദേശം വന്നതോടെയാണ് ഏറെ നാളായി ഗൊരഖ്പുര്‍ പോലീസ് അവഗണിച്ചിരുന്ന സാമ്പത്തിക തട്ടിപ്പ് കേസ് അവര്‍ അന്വേഷിച്ചതും കുറ്റക്കാരനെ കണ്ടെത്തിയതും. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് ഒരു പത്താംക്ലാസുകാരന്‍ രൂപീകരിച്ച വ്യാജ പ്രൊഫൈല്‍ ആണെന്ന് കണ്ടെത്തിയതോടെ അമ്പരന്നിരിക്കുകയാണ് ഗൊരഖ്പുര്‍ പോലീസ്. തന്റെ മൂത്ത സഹോദരനില്‍ നിന്നും ഒരാള്‍ 45,000 രൂപ തട്ടിയെടുത്തതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയും സുഹൃത്തും ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. ഇവരെ പിടികൂടിയെങ്കിലും പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.

ഹസ്രത്ഗഞ്ജ് പോലീസ് സ്‌റ്റേഷനില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ച് ഒരുമാസം മുമ്പ് തന്നെ ഡിജിപിയുടെ ഓഫീസ് വിവരം നല്‍കിയുന്നു. ഒ.പി സിംഗ് എന്ന പേരിലുള്ള അക്കൗണ്ടില്‍ ഡിജിപിയുടെ ചിത്രവും ഉണ്ടായിരുന്നു. എന്നാല്‍ ആ അക്കൗണ്ട് അദ്ദേഹമോ അദ്ദേഹത്തിന്റെ ഓഫീസോ അല്ല കൈകാര്യം ചെയ്യുന്നതെന്നത്. പിന്നീട് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ മഹാരാജ്ഗഞ്ജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു ഫോണില്‍ നിന്നാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തെളിഞ്ഞു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് പത്താംക്ലാസുകാരനും സുഹൃത്തും പിടിയിലായത്.

ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥി പിടിയിലായത്. തന്റെ ഗ്രാമത്തിലെ മറ്റൊരു കുട്ടിയില്‍ നിന്നാണ് ഈ ആശയം ലഭിച്ചതെന്നും ഒരു സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ച് ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ സഹോദരന് ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് മഹാരാജ്ഗഞ്ജ് സ്വദേശിയായ സാദിഖ് അന്‍സാരിയെന്നയാള്‍ 45,000 രൂപ കബളിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ ഇവര്‍ക്ക് പോലീസില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം പലതവണ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വന്നതോടെയാണ് ഡിജിപിയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥി തീരുമാനിച്ചത്. കേസ് എത്രയും വേഗം തെളിയിക്കാന്‍ ഗൊരഖ്പുര്‍ എസ്എസ്പിയ്ക്ക് ട്വിറ്ററിലൂടെ നിര്‍ദ്ദേശവും നല്‍കി.

അതോടെ ഗൊരഖപുര്‍ എസ്എസ്പി കേസില്‍ നടപടിയെടുക്കാന്‍ ലോക്കല്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഇതോടെ അന്‍സാരി 30,000 രൂപ മടക്കി നല്‍കുകയും ബാക്കി തുക ഉടന്‍ നല്‍കാമെന്ന് പോലീസിന് മുമ്പാകെ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഗൊരഖ്പുര്‍ എസ്എസ്പി കേസ് സംബന്ധിച്ച് ഡിജിപി ഓഫീസിന് വിശദീകരണം നല്‍കിയതോടെയാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍ പിടിയിലായവര്‍ രണ്ടുപേരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായതിനാല്‍ നടപടിയെടുക്കേണ്ടെന്നായിരുന്നു ഡിജിപിയുടെ നിലപാട്. അതോടെ ഇരുവരെയും താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍