UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനജാഗ്രതാ യാത്രക്കിടയിലെ വെല്ലുവിളി: തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു

പ്രശ്‌നം പഠിക്കാനും പരിഹരിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും ഇതിനിടെ സ്വയം കുഴിയില്‍ ചാടാന്‍ ശ്രമിക്കുകയാണോയെന്നും മുഖ്യമന്ത്രി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രത യാത്രയ്ക്ക് കുട്ടനാട്ടില്‍ സ്വീകരണം നല്‍കുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി പ്രസംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മന്ത്രിസഭാ സമ്മേളനത്തിന് ശേഷം തോമസ് ചാണ്ടിയെ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്. അതേസമയം തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന നിലംനികത്തല്‍ ആരോപണങ്ങളും രാജി ആവശ്യവും തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.

തെക്കന്‍ മേഖലയില്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രത യാത്രക്കിടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ പ്രസ്താവനയാണ് സിപിഎമ്മിനെയും ചൊടിപ്പിച്ചു. ഭൂമി കയ്യേറ്റം സംബന്ധിച്ച് തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കില്ലെന്നും മാര്‍ത്താണ്ഡം കായലില്‍ മണ്ണിട്ട് നികത്തിയതു പോലെ ഇനിയുള്ള 42 സ്ഥലങ്ങളിലും മണ്ണിട്ട് നികത്തുമെന്നുമാണ് ചാണ്ടി പറഞ്ഞത്. പ്രശ്‌നം പഠിക്കാനും പരിഹരിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും ഇതിനിടെ സ്വയം കുഴിയില്‍ ചാടാന്‍ ശ്രമിക്കുകയാണോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചാണ്ടിയോട് ചോദിച്ചു. ഇത്തരം വെല്ലുവിളികള്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇനിയും നിലം നികത്തുമെന്ന വെല്ലുവിളി പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

നിലവില്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്നും നിയമോപദേശം ലഭിച്ചശേഷം സ്വീകരിക്കേണ്ട നിലപാടും തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. ഏജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐയോടും സിപിഎമ്മിന് എതിര്‍പ്പുണ്ട്. അതേസമയം ഇന്നത്തെ മന്ത്രിസഭാ യോഗവും കായല്‍ക്കയ്യേറ്റം ചര്‍ച്ച ചെയ്തിട്ടില്ല. തീംപാര്‍ക്ക് വിവാദത്തിന്റെ പേരില്‍ സിപിഎം എംഎല്‍എ പി വി അന്‍വറിനെ യാത്രയില്‍ നിന്നും മാറ്റിനിര്‍ത്തിയതോടെ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയോട് പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കുമെന്ന് എല്ലാവരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെയും പരോക്ഷമായി സിപിഐയെയും വിമര്‍ശിച്ചാണ് യാത്രയില്‍ പങ്കെടുത്ത തോമസ് ചാണ്ടി സംസാരിച്ചത്.

കാനത്തിന് ചാണ്ടിയുടെ ഒരു കൈ സഹായം; ശരിക്കും ‘ദൈവത്തിന്റെ കൈ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍