UPDATES

ട്രെന്‍ഡിങ്ങ്

പ്ലാച്ചിമടയില്‍ കൊക്കകോളയുടെ പുതിയ തന്ത്രവും പാളി; നഷ്ടപരിഹാരം നല്‍കിയ ശേഷം മതി സിഎസ്ആര്‍ ചാരിറ്റിയെന്ന് ഒറ്റക്കെട്ടായി രാഷ്ട്രീയ പാര്‍ട്ടികള്‍

പ്ലാച്ചിമടയിലെ കമ്പനി നില്‍ക്കുന്ന സ്ഥലത്ത് ആരോഗ്യ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു

വളഞ്ഞവഴിയിലൂടെ വീണ്ടും പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള കൊക്കകോള കമ്പനിയുടെ നീക്കത്തിന് ഒറ്റക്കെട്ടായി നിന്ന് തടയിട്ട് പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും. നഷ്ടപരിഹാരം നല്‍കിയതിന് ശേഷം മാത്രം കമ്പനി പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി സിഎസ്ആര്‍(സാമൂഹിക പ്രതിബദ്ധത) പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും നിലപാടെടുത്തത്.

ജില്ലാ പഞ്ചായത്ത് പ്ലാച്ചിമടയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പെരുമാട്ടി പഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും അഭിപ്രായം അറിയിച്ചത്. കോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ കൊക്കകോള കമ്പനി, പ്ലാച്ചിമടയിലെ കമ്പനി നില്‍ക്കുന്ന സ്ഥലത്ത് ആരോഗ്യ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതേസമയം കമ്പനിക്കെതിരെ എതിര്‍പ്പുയര്‍ത്തിയ പെരുമാട്ടി പഞ്ചായത്തിലെ ജനങ്ങളുടെ വികാരം വിഷയത്തില്‍ അറിയണമെന്നതിനാല്‍ പഞ്ചായത്തിന്റെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി തദ്ദേശവകുപ്പ് മന്ത്രിയോട് നിര്‍ദ്ദേശിച്ചു.

വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ശാന്തകുമാരി ഉള്‍പ്പെടെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി പാര്‍ട്ടികളുടെ പ്രതിനിധികള്‍ കമ്പനിക്കെതിരെ കൃത്യമായ നിലപാട് സ്വീകരിച്ചു. കോളക്കമ്പനി മൂലം പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് വിദഗ്ധര്‍ കണക്കാക്കിയ 216 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞിട്ട് ഏത് പദ്ധതി കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്നും അതുവരെ ഒരു ചര്‍ച്ചയുമില്ലെന്നും ജനപ്രതിനിധികളും നേതാക്കളും നിലപാട് അറിയിച്ചു. കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജയ്കുമാറിന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലാത്തതിനാല്‍ യോഗം അവസാനിപ്പിച്ച് ജനപ്രതിനിധികള്‍ പിരിയുകയും ചെയ്തു.

പുതിയ പദ്ധതികള്‍ക്ക് അനുമതി വാങ്ങി ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ തന്നെ നിര്‍ത്തിവച്ച കമ്പനിയുടെ പ്രവര്‍ത്തനം പുനരാംരഭിക്കാനുള്ള നീക്കമാണ് ഇതിലൂടെ പൊളിഞ്ഞത്. 2004ല്‍ അടച്ചുപൂട്ടിയ കൊക്കകോള പ്ലാന്റും സ്ഥലവും 15 വര്‍ഷമായി കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ കമ്പനി മൂലം നാശനഷ്ടങ്ങളുണ്ടായ പ്രദേശത്തെ ജനങ്ങള്‍ക്ക് പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍, ആരോഗ്യപദ്ധതികള്‍, വ്യവസായ സംരഭങ്ങള്‍ തുടങ്ങിയ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ സഹായം തേടിയത്. പുതിയ പദ്ധതികള്‍ നടപ്പാക്കാനായി 34 ഏക്കര്‍ വരുന്ന ഫാക്ടറി പ്രദേശം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു.

also read:ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍