UPDATES

പാര്‍ട്ടിയുണ്ടാക്കിയത് കെഎം മാണി, ചിഹ്നം രണ്ടില; എന്താകും ജോസ് ടോമിന്റെ ഭാവി?

ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞ സ്ഥിതിക്ക് ആ വിഷയം ഇനി ഉദിക്കുന്നില്ലെന്ന് പി ജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുടെ കാര്യത്തിലെ അനിശ്ചിതത്വം തുടരുന്നു. ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞ സ്ഥിതിക്ക് ആ വിഷയം ഇനി ഉദിക്കുന്നില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നതായും ജോസഫ് പറഞ്ഞു.

രണ്ടില ചിഹ്നത്തില്‍ തന്നെയേ മത്സരിക്കൂ എന്നില്ലെന്നാണ് നേരത്തെ സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ അറിയിച്ചത്. ചിഹ്നത്തിനായി ആരുടെയും ഔദാര്യം കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലായില്‍ ജയിക്കാന്‍ മാണിയുടെ ചിത്രം മാത്രം മതിയെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കാനും തയ്യാറാണെന്നാണ് ജോസ് ടോം പറഞ്ഞത്.

അതേസമയം ജോസിന് ജയമുറപ്പെന്ന് നിഷ ജോസ് കെ മാണി പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കലും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നില്ല. മാണിയുടെ കുടുംബത്തില്‍ നിന്നു തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മാണിയുടെ മക്കളാണ് അവര്‍ വിശദീകരിച്ചു.

ഏറെ നാള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിനെ ഇന്നാണ് യുഡിഫ് നേതൃത്വം പാലായിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകിട്ട് ഏഴ് മണിയോടെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോം. അവസാന നിമിഷം വരെ ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ പേരാണ് ഉയര്‍ന്നു കേട്ടതെങ്കിലും വൈകിട്ടോടെ നിഷ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ഉറപ്പായി. നിഷയോ മാണി കുടുംബത്തിലെ ആരെങ്കിലുമോ സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. ജോസ് കെ മാണിയുടെ താല്‍പര്യ പ്രകാരമാണ് ഇതെന്ന് തോമസ് ചാഴിക്കാടന്‍ എംപി വിശദീകരിക്കുകയും ചെയ്തു.

also read:നിഷയുമല്ല, മാണി കുടുംബത്തിലാരുമല്ല; ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍