UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള ടൂറിസത്തിന്റെ ഓഫര്‍ സ്വീകരിച്ചു; കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൊച്ചിയിലേക്ക്

കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ ബിഎസ് യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം അനുവദിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താന്‍ തീരുമാനിച്ചു. കൊച്ചിയിലേക്കാണ് ഇവരെ മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. കര്‍ണാടകത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത തെളിഞ്ഞപ്പോള്‍ കേരള ടൂറിസം വകുപ്പ് കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടിരുന്നു.

സുരക്ഷിതവും സുന്ദരവുമായ കേരളത്തിലേക്ക് കര്‍ണാടക എംഎല്‍എമാര്‍ക്ക് സ്വാഗതമെന്നായിരുന്നു തമാശ രൂപേണയുള്ള ടൂറിസം വകുപ്പിന്റെ പോസ്റ്റ്. കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ ബിഎസ് യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം അനുവദിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. 112 സീറ്റാണ് കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷം വേണ്ടത്. എന്നാല്‍ 104 സീറ്റുകള്‍ മാത്രമാണ് നിലവില്‍ ബിജെപിയ്ക്കുള്ളത്. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 സീറ്റുകളുണ്ട്. രണ്ടാഴ്ച പൂര്‍ത്തിയാകുന്നതുവരെയും ഈ അംഗ സംഖ്യ സൂക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇരുപാര്‍ട്ടികളും.

കഴിഞ്ഞദിവസം വൈകുന്നേരം തങ്ങളുടെ അംഗസംഖ്യ വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടക രാജ്ഭവനിലേക്കും പിന്നീട് ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കും ബസ് യാത്ര നടത്തിയിരുന്നു. രാജ്യത്തെ റിസോര്‍ട്ട് രാഷ്ട്രീയത്തിലെ സുപ്രധാന ഇടമാണ് ഈഗിള്‍ട്ടണ്‍. കഴിഞ്ഞവര്‍ഷം ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിനോടടുപ്പിച്ചും കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ഇവിടെയാണ് പാര്‍പ്പിച്ചത്.

ബംഗളൂരുവിലെ ഷംഗ്രില്ല ഹോട്ടലിലാണ് ജെഡിഎസ് എംഎല്‍എമാരെ ഇന്നലെ രാത്രി താമസിപ്പിച്ചത്. കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തുമെന്ന് സൂചനയുണ്ടെങ്കിലും കേരളത്തിന്റെ ക്ഷണം ജെഡിഎസും കോണ്‍ഗ്രസും സ്വീകരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍