UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദ്യോഗസ്ഥര്‍ക്ക് ജിമ്മില്‍ തിരുമ്മി കൊടുക്കാനും പോലീസുകാര്‍; ദാസ്യവേലയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ദാസ്യപ്പണി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തു വിടുമെന്ന് പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍

മേലുദ്യോഗസ്ഥരുടെ വീടുകളിലെ ദാസ്യവേലയ്ക്കായി പോലീസുകാരെ ഉപയോഗിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മേലുദ്യോഗസ്ഥര്‍ക്ക് തിരുമ്മിക്കൊടുക്കാന്‍ ടെലികമ്മ്യൂണിക്കേഷനിലെ പോലീസുകാരനെ തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലെ ഐപിഎസ് ഓഫീസര്‍മാരുടെ ജിമ്മിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ചെന്നും ഇയാള്‍ തിരുമ്മിക്കൊടുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനിടെ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരെ ക്യാമ്പുകളിലേക്ക് മടക്കി വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഡിജിപി ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ദാസ്യപ്പണി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തു വിടുമെന്ന് പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കണക്കുകള്‍ കൈമാറുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ കൂടുതല്‍ ദാസ്യവേലയുടെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. അടുക്കള മാലിന്യം വഴിയില്‍ തള്ളണമെന്ന വനിത ഐപിഎസ് ട്രെയിനിയുടെ അമ്മയുടെ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയെന്ന പരാതിയുമായി പോലീസുകാരന്‍ രംഗത്തെത്തിയിട്ടുണ്ട്. തൃശൂര്‍ മണ്ണുത്തി സ്‌റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് മനോരമ ചാനലിലൂടെ പോലീസുകാരന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ജോലിയില്‍ കൃത്യനിഷ്ഠത പാലിക്കാത്തതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ പോലീസ് നേതൃത്വം പറയുന്നത്.

പോലീസിലെ ദാസ്യവേലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍