UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പലിശക്കാരന്റെ പീഡനം: തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ തീകൊളുത്തി കുടുംബം

മുതലിലും പലിശയിലും കൂടുതല്‍ പണം ആവശ്യപ്പെട്ടുള്ള പലിശക്കാരന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്‌

തമിഴ്‌നാട്ടില്‍ പലിശയ്‌ക്കെടുത്ത പണം തിരികെ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ പലിശക്കാരന്റെ നിരന്തരമായ പീഡനം സഹിക്കാന്‍ വയ്യാതെ കുടുംബം ജില്ലാ ആസ്ഥാനത്തിന് മുന്നില്‍ മണ്ണണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനല്‍വേലി കളക്ടറേറ്റിന് മുന്നിലാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളെ ഉള്‍പ്പെടെ തീകൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ ഭാര്യയും ഒരു മകളും മരിച്ചതായാണ് റിപ്പോര്‍ട്ട്. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിലാണ്. ഇസകി മുത്തു എന്ന ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും ഗുരുതര പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുതലിലും പലിശയിലും കൂടുതല്‍ പണം ആവശ്യപ്പെട്ടുള്ള പലിശക്കാരന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് കുടുംബം ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇസകി മുത്തുവിന്റെ സഹോദരന്‍ അറിയിച്ചു. മുത്തു ഒരു പലിശക്കാരനില്‍ നിന്നും 1.40 ലക്ഷം കൂടിയ പലിശയ്ക്ക് കടം വാങ്ങിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. മടക്കി നല്‍കേണ്ട 2 ലക്ഷം രൂപയ്ക്ക് പകരം കൂടുതല്‍ തുകയാണ് പലിശക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് മുത്തു ജില്ലാ കളക്ടര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നുവെന്നും സഹോദരന്‍ പറയുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പലിശക്കാരുടെ ശല്യം കാരണം 823 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് പിഎംകെ നേതാവ് അന്‍ബുമണി രാമദോസ് അറിയിച്ചു. ഭരണപക്ഷമായ ഡിഎംകെയും പോലീസും പലിശക്കാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുത്തുവിന്റെ പരാതി പരിഗണിക്കാതിരുന്ന ജില്ലാ കളക്ടര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍