UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയായി സിപിഐ

സിപിഐയില്‍ നിന്നും മൂന്ന് പേര്‍ മുഖ്യമന്ത്രിമാരാകുകയും 34 പേര്‍ മന്ത്രിമാരാകുകയും ചെയ്തു

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയായി സിപിഐ. 11,900 ദിവസം സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡാണ് സിപിഐ ഇന്ന് മറികടക്കുന്നത്. 1964ലെ പിളര്‍പ്പിന് മുമ്പ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും സിപിഐയുടെ കണക്കില്‍ കൂട്ടുമ്പോഴാണ് പാര്‍ട്ടി റെക്കോര്‍ഡ് സ്വന്തമാക്കുന്നത്.

സിപിഐയ്ക്ക് 1967 മുതല്‍ 12 വര്‍ഷം അധികാരത്തിലിരിക്കാന്‍ കഴിഞ്ഞതാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനം. അടിയന്തരാവസ്ഥ കാലത്ത് 2,364 ദിവസം സിപിഐയാണ് കേരളത്തില്‍ അധികാരത്തിലിരുന്നത്. കാലാവധി നീട്ടിക്കിട്ടിയതിനെ തുടര്‍ന്ന് 1970 മുതല്‍ 77 വരെയുള്ള കാലത്താണ് സിപിഐ അധികാരത്തിലിരുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1979 വരെ 15 വര്‍ഷക്കാലമാണ് പാര്‍ട്ടി അധികാരത്തിലിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം 1967 മുതല്‍ 1969 വരെ സിപിഎമ്മുമായി അധികാരം പങ്കിടുകയും ചെയ്തു.

1969 മുതല്‍ 77 വരെയുള്ള കാലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ സംസ്ഥാന ഭരണം ഏറ്റെടുത്തു. ഇക്കാലയളവില്‍ സി അച്യുത മേനോന്‍ രണ്ട് തവണ മുഖ്യമന്ത്രിയായി. 1978-79 കാലത്ത് പി കെ വാസുദേവന്‍ നായരും മുഖ്യമന്ത്രി പദവിയിലെത്തി. സിപിഐയുടെ സുവര്‍ണ കാലഘട്ടമായി അറിയപ്പെടുന്നത് ഈ കാലഘട്ടമാണ്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് മന്ത്രി സഭാ നേതൃത്വം ലഭിച്ചിട്ടുള്ളത്.

1982ന് ശേഷം സിപിഎമ്മിനൊപ്പം വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാണ് സിപിഐ. പിന്നീട് ഇടവിട്ട് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുണ്ട്. ഇ കെ നായനാര്‍ നേതൃത്വം നല്‍കിയ മൂന്ന് മന്ത്രി സഭകളിലും വി എസ് അച്യുതാനന്ദന്റെയും ഇപ്പോഴത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെയും മന്ത്രി സഭകളില്‍ സിപിഐ ഘടകകക്ഷിയാണ്.

സിപിഐയില്‍ നിന്നും മൂന്ന് പേര്‍ മുഖ്യമന്ത്രിമാരാകുകയും 34 പേര്‍ മന്ത്രിമാരാകുകയും ചെയ്തു. ഇതില്‍ ഒമ്പത് പേര്‍ മാത്രമാണ് ഒന്നിലേറെ തവണ മന്ത്രിമാരായത്. മന്ത്രിസ്ഥാനത്തേക്ക് ഏറ്റവുമധികം പുതുമുഖങ്ങളെ പരിഗണിക്കുന്ന പാര്‍ട്ടിയാണ് സിപിഐ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍