UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃണമൂലിനെ തകര്‍ക്കാന്‍ ബംഗാളില്‍ സിപിഎം ബിജെപിയോട് കൈകോര്‍ക്കുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന നുണപ്രചരണം മാത്രമാണ് ബംഗാളിലെ സിപിഎം-ബിജെപി സഖ്യമെന്ന് സീതാറാം യെച്ചൂരി

പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നു. നാദിയ ജില്ലയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇത്തരമൊരു സഖ്യം.

അതേസമയം ഇതൊരു ഔദ്യോഗികമായ സീറ്റ് ധാരണയല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും സിപിഎമ്മിന്റെ ജില്ലാതല നേതാവ് അറിയിച്ചു. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് നേരെ എതിരായ പ്രത്യയശാസ്ത്രം വച്ചുപുലര്‍ത്തുന്ന സിപിഎം ബിജെപിയുടെ ഫാസിസ്റ്റ്, വര്‍ഗ്ഗീയ രാഷ്ട്രീയം തുറന്നു കാട്ടാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. അതേസമയം ഈ സഖ്യം ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് ബിജെപിയുടെ നദിയ ജില്ലാ യൂണിറ്റ് പ്രസിഡന്റ് മഹാദേബ് സര്‍ക്കാര്‍ വ്യക്തമാക്കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കരിമ്പൂര്‍-റാണാഘട്ട് മേഘലയില്‍ ബിജെപിയും സിപിഎമ്മും സംയുക്ത റാലി നടത്തിയിരുന്നു. ഇതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം പരസ്യമാകുന്നത്. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തങ്ങളുടെ കൊടികളുമായാണ് റാലിയില്‍ പങ്കെടുത്തത്. സിപിഎം നാദിയ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സുമിത് ദേയും സഖ്യമുണ്ടെന്ന് വെളിപ്പെടുത്തി. ഗ്രാമങ്ങളിലെ ജനങ്ങള്‍ ഒന്നിച്ചു നിന്നുള്ള മത്സരം ആഗ്രഹിക്കുന്നുണ്ടെന്നും തങ്ങള്‍ അവരുടെ വികാരം മാനിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ നടത്തിയ റാലിയാണ് ബിജെപി-സിപിഎം റാലിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം രാമ ബിശ്വാസ് അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഒരു റാലി സംഘടിപ്പിക്കുന്നതായി താന്‍ അറിഞ്ഞിരുന്നെന്നും സിപിഎം പ്രവര്‍ത്തകരും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നതിനാല്‍ അവരും പങ്കെടുക്കുകയായിരുന്നെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചു.

തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത ഇടങ്ങളില്‍ അനുഭാവികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്നും സ്വാഭാവികമായും ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ സിപിഎം പ്രവര്‍ത്തകരായിരിക്കുമെന്നും മഹാദേബ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. നാദിയ-കരിമ്പൂര്‍ മേഖലകളിലെ പല പഞ്ചായത്ത് സീറ്റുകളില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ സാധ്യമാക്കാനാണ് ഇത്. ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കിയാല്‍ മതിയെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പ്രതികരിച്ചത്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന നുണപ്രചരണം മാത്രമാണ് ബംഗാളിലെ സിപിഎം-ബിജെപി സഖ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍