സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ അംഗം അജികുമാറാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ അതിക്രമത്തിന് പിന്നാലെ പുറത്തുവന്ന ഉത്തരപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ യൂണിവേഴ്‌സിറ്റി നിയോഗിച്ച സമിതിയില്‍ നിന്നും സിപിഐ പ്രതിനിധിയെ സിപിഎം വെട്ടി. സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് ഉത്തരപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്നത്.
സിന്‍ഡിക്കേറ്റിലെ സിപിഐ പ്രതിനിധിയായ അഡ്വ. എ അജികുമാറിനെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശമാണ് സിപിഎം പ്രതിനിധികള്‍ തള്ളിയത്. ഇതോടെ എസ്എഫ്‌ഐ നേതാവ് പ്രതിസ്ഥാനത്തുള്ള കേസ് അന്വേഷിക്കാനുള്ള മൂന്നംഗ ഉപസമിതിയില്‍ സിപിഎം പ്രതിനിധികള്‍ മാത്രമായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് ഉത്തരക്കടലാസുകളും വ്യാജസീലും കണ്ടെത്തിയത്.
ഈ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അജികുമാറാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. മറ്റ് കോളേജുകളിലേതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പുറമെ നിന്നുള്ള ഏജന്‍സി വേണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഇതിനെ എതിര്‍ത്ത സിപിഎം പ്രതിനിധികള്‍ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിച്ചാല്‍ മതിയെന്ന് നിലപാടെടുത്തു. ഇതോടെയാണ് ഉപസമിതിയില്‍ അജികുമാറിനെ ഉള്‍പ്പെടുത്താന്‍ വിസി നിര്‍ദ്ദേശിച്ചത്.
ഇത് അംഗീകരിക്കാതിരുന്ന സിപിഎം പ്രതിനിധികള്‍ അന്വേഷണം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതില്‍ ഒതുക്കി. അജികുമാറിനെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നും ഇത് അന്വേഷണത്തിന്റെ ഗതി മാറ്റിവിടാനാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.