UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടെ താമസിച്ച ബിസിനസ് പാര്‍ട്ണര്‍ക്ക് ക്വട്ടേഷന്‍; നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന സ്ത്രീ ഉള്‍പ്പെടെ അറസ്റ്റില്‍

കൃത്യത്തിന് ശേഷം ശാരദ വെട്ടേറ്റ് കിടക്കുന്നത് കാണാന്‍ ആമിന സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് അതുവഴി പോയതായും പോലീസ്

കൂടെത്താമസിച്ച സ്ത്രീയെയും മകനെയും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശിയായ ശാരദയെയും(41) മകന്‍ സാഗറിനെയും(16) ആണ് നടുറോട്ടില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വര്‍ക്കല ജനാര്‍ദ്ദനപുരത്ത് കാക്കോട് മുക്കിന് സമീപം ഇവര്‍ക്കൊപ്പം വാടകയ്ക്ക് താമസിച്ച് ബിസിനസ് ചെയ്തിരുന്ന വര്‍ക്കല ചിലക്കൂര്‍ കളത്തില്‍ വീട്ടില്‍ ആമിന(41), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ ഇടവ മാന്തറ കുഴക്കാട് വീട്ടില്‍ ഷൈജു മോന്‍(40), ചിറയിന്‍കീഴ് അഴൂര്‍ പെരുമാതുറ കൊച്ചുതുരുത്ത് പുത്തന്‍ബംഗ്ലാവില്‍ റിയാസ്(30), പെരുമാതുറ കൊട്ടാരംതുരുത്ത് പടിഞ്ഞാറ്റുവിള വീട്ടില്‍ അന്‍സര്‍(26), വര്‍ക്കല തച്ചംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ മനോജ്(40) എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ ഷാന്‍, ഫിറോസ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ വര്‍ക്കല നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആമിന പരാജയപ്പെട്ടിരുന്നു. ഇവരാണ് കേസിലെ ഒന്നാംപ്രതി. വര്‍ഷങ്ങളായി ശാരദയ്‌ക്കൊപ്പം താമസിക്കുകയും ബിസിനസ് ചെയ്യുകയുമായിരുന്നു ഇവര്‍.

നല്ല സൗഹൃദത്തിലായിരുന്ന ആമിനയും ശാരദയും സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അടുത്തിടെ തെറ്റിയിരുന്നു. തുടര്‍ന്ന് ശാരദയെ വകവരുത്താന്‍ കൊലപാതകക്കേസിലുള്‍പ്പെടെ പ്രതിയായ ഷൈജുമോന് ആമിന 50,000 രൂപ നല്‍കുകയായിരുന്നു. ഒരുമിച്ച് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള മറ്റ് പ്രതികള്‍ക്കൊപ്പമാണ് ഷൈജു കൃത്യം നിര്‍വഹിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30ഓടെ ശാരദയും മകനും വര്‍ക്കല ഹെലിപ്പാഡ് ടിബറ്റന്‍ മാര്‍ക്കറ്റിന് സമീപം ഇവര്‍ നടത്തുന്ന കര്‍ണാടക ഗാര്‍മെന്റ്‌സ് എന്ന ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് അടച്ച് വരുമ്പോള്‍ സംഘം ആക്രമിക്കുകയായിരുന്നു. ശാരദയുടെ വലതുകയ്യിലും ഇരുകാലുകളിലും വെട്ടേറ്റു. ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സാഗറിന്റെ തലയിലും ദേഹത്തും മര്‍ദ്ദനമേറ്റു. സംഭവം കഴിഞ്ഞ് അക്രമി സംഘത്തെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് മനോജ് ആണ്. മനോജിന്റെ ഓട്ടോറിക്ഷയും കണ്ടെടുത്തു. കൃത്യത്തിന് ശേഷം ശാരദ വെട്ടേറ്റ് കിടക്കുന്നത് കാണാന്‍ ആമിന സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് അതുവഴി പോയതായും പോലീസ് അഴിമുഖത്തോട് പറഞ്ഞു.

പ്രതികളെക്കുറിച്ച് ആദ്യം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഒരാഴ്ചയായി വര്‍ക്കല ക്ലിഫിലെ വിവിധ റസ്റ്റോറന്റുകളില്‍ ആമിനയ്‌ക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ച് അന്വേഷിച്ചതോടെയാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്. കഠിന ദേഹോപദ്രവം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഷൈജുമോന്‍ കൊലക്കേസിലും റിയാസ് വധക്കേസിലുമുള്‍പ്പെടെ പ്രതിയാണ്.

ആറ്റിങ്ങല്‍ ഡിവൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, എസ്‌ഐമാരായ ബി കെ അരുണ്‍, വി എസ് സാജന്‍, എസ് സി പി ഒമാരായ മുരളീധരന്‍, സെബാസ്റ്റ്യന്‍, സി പി ഒമാരായ രാധാകൃഷ്ണന്‍, ഷിറാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥ ഉഷ, എആര്‍സിപിഒ ജിജിന്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം വര്‍ക്കല, പെരുമാതുറ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

also read: രണ്ട് വണ്ടി പോലീസുമായി ജപ്തി ചെയ്യാന്‍ എത്തുന്ന ബാങ്ക്, ചെറുത്തുനില്‍ക്കണമെന്ന് മന്ത്രി; ആത്മഹത്യയുടെ വക്കില്‍ സര്‍ഫാസി കുരുക്കിലായ കശുവണ്ടി വ്യവസായികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍