UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിക്ക് ഇന്ന് വിധിദിനം: മന്ത്രിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എംപി

തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കെപിസിസിയുടെ എതിര്‍പ്പിനെ തള്ളി വിവേക് തന്‍ഖ

കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികളെല്ലാം രാജി ആവശ്യപ്പെട്ടിരിക്കുന്ന മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണായക ദിനം. കഴിഞ്ഞദിവസത്തെ എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാന പ്രകാരം രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് എന്‍സിപി യോഗം ചേരാനിരിക്കെ തോമസ് ചാണ്ടിയെ എതിര്‍ത്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയും ആലപ്പുഴ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രിയുടെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കളക്ടറുടെ റിപ്പോര്‍ട്ടിന്മേലുള്ള ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുണ്ടാകാനാണ് സാധ്യത. അതേസമയം കോണ്‍ഗ്രസ് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍ഖയാണ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. കോടതിയുടെ ഒരു പരാമര്‍ശം പോലും മന്ത്രിക്ക് എതിരായാലും അനുകൂലമായാലും നിര്‍ണായകമാകും. കളക്ടറുടെ റിപ്പോര്‍ട്ട് നിയമപരമല്ലെന്ന മന്ത്രിയുടെ ഹര്‍ജി കഴിഞ്ഞയാഴ്ച പരിഗണിച്ചപ്പോള്‍ അനുകൂലമായ നിലപാടല്ല ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും സാധാരണക്കാരുടെ കയ്യേറ്റം ബുള്‍ഡോസര്‍ കൊണ്ട് നീക്കം ചെയ്യില്ലേയെന്നും ചോദിച്ച കോടതി നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും വ്യക്തമാക്കിയിരുന്നു. ലേക് പാലസ് കമ്പനിയുടെ ഭാഗം കേള്‍ക്കാതെയാണ് ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കോടതി നിലപാട് ഇനിയും എതിരായാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നതിനാലാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വിവേക് തന്‍ഖയെ തോമസ് ചാണ്ടി ഹാജരാക്കുന്നത്. കോണ്‍ഗ്രസ് എംപിയെ രംഗത്തിറക്കി പ്രതിപക്ഷത്തിന്റെ മുനയൊടിക്കാനും ചാണ്ടിക്കായി. ഇതോടൊപ്പമാണ് തോമസ് ചാണ്ടി നടത്തിയ കായല്‍ കയ്യേറ്റത്തിനെതിരെ അഞ്ച് പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.

നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ലേക്പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ അനുഭാവിയായ തൃശൂര്‍ സ്വദേശി ടിഎന്‍ മുകുന്ദന്റെ പൊതുതാല്‍പര്യ ഹര്‍ജി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിനെതിരെ കേസെടുക്കണമെന്ന് കൈനകരി പഞ്ചായത്ത് അംഗം ബികെ വിനോദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പാടം നികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡും പാര്‍ക്കിംഗ് ഏരിയയും നിര്‍മ്മിച്ചതിനെ ചോദ്യം ചെയ്താണ് പാടശേഖരസമിതി അംഗമായ ജയപ്രസാദിന്റെ ഹര്‍ജി.

അതേസമയം തന്‍ഖ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നതില്‍ കെപിസിസി ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാല്‍ കെപിസിസിയുടെ എതിര്‍പ്പില്‍ കാര്യമില്ലെന്ന് പറഞ്ഞാണ് തന്‍ഖ ഇന്ന് രാവിലെ ഹൈക്കോടതിയിലേക്ക് തിരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍