UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുഴലിക്കൊടുങ്കാറ്റ് ഒക്കി കേരളത്തിലേക്ക്; ജാഗ്രത നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

കേരളത്തില്‍ ഇന്ന് വൈകിട്ടോടെ ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെടുമെന്നാണ് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നല്‍കുന്ന മുന്നറിയിപ്പ്‌

ലക്ഷദ്വീപിന്റെ തീരങ്ങളില്‍ രൂപംകൊണ്ടിരിക്കുന്ന ഒക്കി കൊടുങ്കാറ്റ് കേരള തീരങ്ങളിലേക്കുമെന്ന് ജാഗ്രത നിര്‍ദ്ദേശം. ഇന്നലെ വൈകുന്നേരം രൂപംകൊണ്ട കൊടുങ്കാറ്റ് ഇന്ന് പുലര്‍ച്ചെ മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി അനുഭവപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല.

കന്യാകുമാരിക്ക് 170 കിലോമീറ്റര്‍ തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോട്കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും എന്നാണ് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പറയുന്നത്. മേല്‍ ന്യൂനമര്‍ദ്ദ പത്തിയുടെ നേരിട്ടുള്ള സ്വാധീനമേഘലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നതിനാലും, പൊതു സ്വാധീനമേഘലയില്‍ കേരളം ഉള്‍പ്പെടുന്നതിനാലും, കേരളത്തില്‍ പൊതുവില്‍ മഴയും, ശക്തമായ കാറ്റും ഉണ്ടാകും. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ അനുഭവപ്പെടുക.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ കോടതിക്ക് സമീപം 12.30ക്ക് ഒരു വീട്ട് വളപ്പില്‍ നിന്ന മരം ശക്തമായ കാറ്റില്‍ കടപുഴകി വീണതാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടം. മരം വീണ് രണ്ട് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേരള തീരത്ത് ചുഴലിക്കാറ്റ് ആരംഭിച്ചിട്ടില്ലെങ്കിലും അതിന് മുന്നറിയിപ്പായി ഉണ്ടായ പ്രകൃതി പ്രതിഭാസങ്ങളില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൊല്ലത്ത് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തമിഴ്‌നാട്ടില്‍ തൂത്തുക്കുടിയിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും 7നും ഇടയിലുള്ള യാത്ര ഒഴിവാക്കണം. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്. എന്നിവയാണ് മറ്റ് മുന്നറിയിപ്പുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍