UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ നിന്നും ദലൈ ലാമ വിട്ടു നില്‍ക്കും

ഐ എസ് സി വെബ്‌സൈറ്റില്‍ ദലൈ ലാമ പങ്കെടുക്കുമെന്ന് തന്നെയാണ് ഇപ്പോഴും പറഞ്ഞിരിക്കുന്നത്

വെള്ളിയാഴ്ച മണിപ്പൂര്‍ സര്‍വകലാശാലയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ നിന്നും തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ വിട്ടു നില്‍ക്കും. ദലൈ ലാമയുടെ നാടുകടത്തലിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ദലൈ ലാമ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായും ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് അസോസിയേഷന്‍ ജനറല്‍ പ്രസിഡന്റ് അച്യുത സാമന്ത അറിയിച്ചു. രണ്ട് മാസം മുമ്പ് മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോഴാണ് ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹവുമായി സംസാരിച്ചത്. അതേസമയം ഐ എസ് സി വെബ്‌സൈറ്റില്‍ ദലൈ ലാമ പങ്കെടുക്കുമെന്ന് തന്നെയാണ് ഇപ്പോഴും പറഞ്ഞിരിക്കുന്നത്. ദലൈ ലാമയെ കൂടാതെ മറ്റ് രണ്ട് നോബല്‍ പുരസ്‌കാര ജേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. മുഹമ്മദ് യൂനസ്, ഹിരോഷി അമാനോ എന്നിവരാണ് മറ്റ് രണ്ടുപേര്‍. ഇവര്‍ രണ്ടുപേരും വിവിധ സെഷനുകളിലാണ് മുഖ്യ അതിഥികളായി എത്തുന്നത്. എന്നാല്‍ വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ദലൈ ലാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മറ്റ് കേന്ദ്ര മന്ത്രിമാര്‍ക്കുമൊപ്പം പങ്കെടുക്കുമെന്നാണ് ഒരു ഐ എസ് സി ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഏകദേശം അയ്യായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം അടുത്ത അഞ്ച് ആറ് ദിവസങ്ങളില്‍ ദലൈ ലാമ ധര്‍മ്മശാലയിലുണ്ടാകുമെന്നും മണിപ്പൂരിലോ മറ്റേതെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലോ സന്ദര്‍ശനം നടത്തില്ലെന്നും തിബറ്റന്‍ സര്‍ക്കാര്‍ പറയുന്നു. 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ധര്‍മ്മശാലയിലെ മുഖ്യതിബറ്റന്‍ ക്ഷേത്രത്തില്‍ അദ്ദേഹം ആത്മീയ പ്രഭാഷണം നടത്തുമെന്നും ദലൈ ലാമയുടെ ഓഫീസില്‍ നിന്നും സെറ്റെന്‍ സാംദുപ് ചോക്യപ പറയുന്നു.

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഐ എസ് സി ഈവര്‍ഷം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഒസ്മാനിയ സര്‍വകലാശാലയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സര്‍വകലാശാലയിലെ സംഘര്‍ഷാവസ്ഥയും മറ്റ് ചില പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സര്‍വകലാശാല അധികൃതര്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് മണിപ്പൂര്‍ സര്‍വകലാശാലയില്‍ മാര്‍ച്ചില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍