UPDATES

നീണ്ടകരയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിലൊരാളുടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞം തീരത്തു നിന്നും ബുധനാഴ്ച വൈകിട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു

നീണ്ടകരയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളായഴ്ചയാണ് മീന്‍ പിടിക്കുന്നതിനിടെ ഇവരുടെ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ രാജു, സഹായരാജു, ജോണ്‍ബോസ്‌കോ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ കൂടാതെ കടല്‍ക്ഷോഭവും ശക്തമാണ്. 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

വിഴിഞ്ഞം തീരത്തു നിന്നും ബുധനാഴ്ച വൈകിട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു. ആന്റണി, ബെന്നി, യേശുദാസന്‍, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ഉള്‍ക്കടലില്‍ കുടുങ്ങിയ ഇവരെ തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.

read more:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍