UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുന്നപ്രയില്‍ പ്ലാന്‍ ചെയ്തത്‌ ‘ദൃശ്യം’ മോഡല്‍; മനുവിന്റെ മൃതദേഹം ആഴത്തില്‍ കുഴിച്ചിട്ടത് പത്രോസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി

മൃതദേഹം മറവുചെയ്യാന്‍ രണ്ടടി മാത്രം ആഴത്തില്‍ കുഴിയെടുത്താല്‍ മതിയെന്നാണ് ഇയാള്‍ സംഘാംഗങ്ങളോട് നിര്‍ദ്ദേശിച്ചത്.

പുന്നപ്ര ഗലീലി കടപ്പുറത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കാകന്‍ മനുവിന്റെ മൃതദേഹം ഒരിക്കലും പോലീസിന് ലഭിക്കാത്ത വിധത്തില്‍ മാറ്റാനായിരുന്നു നാലാം പ്രതി പത്രോസ് ജോണിന്റെ പദ്ധതിയെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മൃതദേഹം ആഴത്തില്‍ കുഴിച്ചിട്ടതും പത്രോസ് ആദ്യമേ പിടിയിലായതും ‘ദൃശ്യം മോഡല്‍’ പദ്ധതിക്ക് തിരിച്ചടിയായി.

പറവൂരിലെ ബാറിലുണ്ടായ അടിപിടി ഗലീലി കടപ്പുറത്ത് കാകന്‍ മനുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതോടെ അപ്പാപ്പന്‍ പത്രോസ് എന്ന പത്രോസ് ജോണ്‍ മറ്റൊരു പ്ലാനും തയ്യാറാക്കിയതായാണ് പോലീസ് പറയുന്നത്. മനു കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതും പത്രോസ് ആണ്. ബാറിലും പറവൂര്‍ ജംഗ്ഷനിലുമുണ്ടായ അടിപിടികളെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുമെന്നതിനാല്‍ പിടിക്കപ്പെട്ടാല്‍ അതുവരെയുള്ള സംഭവങ്ങള്‍ കൃത്യമായി പറയാനും പിന്നീടുള്ളത് പോലീസിന് പിടികിട്ടാത്ത വിധത്തില്‍ കെട്ടിച്ചമയ്ക്കാനും പത്രോസാണ് തീരുമാനിച്ചത്.

മൃതദേഹം കണ്ടെത്താനായില്ലെങ്കില്‍ ഒരിക്കലും കൊലക്കുറ്റം ചുമത്താനാകില്ലെന്നായിരുന്നു പത്രോസിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ പിടിക്കപ്പെട്ടാല്‍ മൃതദേഹം കടലില്‍ ഉപേക്ഷിച്ചെന്ന് പറയണമെന്ന് പത്രോസ് സംഘാംഗങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആരെങ്കിലും സത്യം പറയാനുള്ള സാധ്യതയും ഇയാള്‍ മുന്‍കൂട്ടി കണ്ടു. അതിനായി പ്ലാന്‍ ബിയായി ദൃശ്യം മോഡല്‍ മറ്റൊരു തന്ത്രവും ആസൂത്രണം ചെയ്തിരുന്നു.

മൃതദേഹം മറവുചെയ്യാന്‍ രണ്ടടി മാത്രം ആഴത്തില്‍ കുഴിയെടുത്താല്‍ മതിയെന്നാണ് ഇയാള്‍ സംഘാംഗങ്ങളോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ മദ്യലഹരിയില്‍ ഇയാള്‍ പറഞ്ഞത് മനസിലാകാതിരുന്ന അവര്‍ നല്ല ആഴത്തില്‍ തന്നെ മൃതദേഹം കുഴിച്ചിട്ടു. എല്ലാവരും പോയതിന് ശേഷം തന്റെ വിശ്വസ്തരെ മാത്രം കൂട്ടി മൃതദേഹം അവിടെ നിന്നും മാറ്റി മറ്റെവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു നീക്കം. ആരെങ്കിലും പോലീസിനെ ഭയന്ന് ആദ്യം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുത്താലും പിടിക്കപ്പെടില്ലെന്നും മര്‍ദ്ദനം ഭയന്ന് അവര്‍ ഏതെങ്കിലും സ്ഥലം കാണിച്ചുകൊടുത്തെന്ന് കോടതിയില്‍ തെളിയിക്കാനാകുമെന്നും പത്രോസ് കരുതിയിരുന്നു. എന്നാല്‍ ആഴത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കാന്‍ പത്രോസിന് സാധിച്ചില്ല.

മനുവിനെ കാണാതായ കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്രോസും സൈമണും ആദ്യമേ തന്നെ കസ്റ്റഡിയിലെടുത്തതും പത്രോസിന്റെ പ്ലാനുകള്‍ക്ക് തിരിച്ചടിയായി. അഞ്ചാം പ്രതി കൊച്ചുമോന്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസിന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

also read:‘മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍