UPDATES

വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിലച്ചിട്ട് 47 ദിവസം; കാശ്മീരില്‍ ഫോണ്‍ ബില്ലിന് യാതൊരു കുറവുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

വാര്‍ത്ത വിനിമയ സംവിധാനങ്ങളെല്ലാം നിഷേധിക്കപ്പെട്ടിട്ടും ഇത്തരത്തില്‍ ഫോണ്‍ ബില്ലുകള്‍ ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും നിലച്ചിട്ട് 47 ദിവസം പിന്നിടുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ വരുന്ന ബില്ലുകള്‍ക്ക് യാതൊരു കുറവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഓഗസ്റ്റ് അഞ്ചിന് വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം പിന്‍വലിച്ചത്.

കാശ്മീരി ജനത ഫോണ്‍ ബന്ധം പോലുമില്ലാതെ കഴിഞ്ഞുകൂടിയ നാളുകളെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതില്‍ ആരോഗ്യപരവും മനുഷ്യത്വപരവുമായ പല വാര്‍ത്തകളും നാം കണ്ടുകഴിഞ്ഞു. എന്നാല്‍ അതോടൊപ്പം മൊബൈല്‍ കമ്പനികളുടെ ചൂഷണത്തിന്റെ കഥ കൂടി പുറത്തുവരികയാണ്. ഫോണുകളെല്ലാം അധികൃതര്‍ നിശ്ചലമാക്കിയിട്ടും പുതിയ ബില്ലുകള്‍ക്ക് കുറവില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഇന്റര്‍നെറ്റ് സംവിധാനവും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളുമടക്കമുള്ള വാര്‍ത്ത വിനിമയ സംവിധാനങ്ങളെല്ലാം ഉപയോഗിക്കാനാകാതെ വന്നിട്ടും നിരവധി പേര്‍ക്കാണ് ടെലികോം കമ്പനികളുടെ ബില്‍ ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാതിരുന്നിട്ടും ഏയര്‍ടെല്ലില്‍ നിന്ന് 779 രൂപയുടെ ബില്ല് ലഭിച്ചെന്ന് ശ്രീനഗറിനടുത്തുള്ള സഫകടല്‍ സ്വദേശിയായ ഉബൈദ് നബി പറയുന്നു. മുഹമ്മദ് ഉമര്‍ എന്നയാള്‍ക്ക് ബിഎസ്എന്‍എല്‍ 380 രൂപയുടെ ബില്ലാണ് അയച്ചത്.

വാര്‍ത്ത വിനിമയ സംവിധാനങ്ങളെല്ലാം നിഷേധിക്കപ്പെട്ടിട്ടും ഇത്തരത്തില്‍ ഫോണ്‍ ബില്ലുകള്‍ ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു. അതേസമയം പരാതി അറിയിച്ചിട്ടും ടെലകോം കമ്പനികള്‍ മറുപടി നല്‍കിയിട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ഘട്ടത്തില്‍ നേരത്തെയും ഇത്തരത്തില്‍ ടെലകോം കമ്പനികള്‍ ബില്ലുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു.

also read:‘എന്ത് പിഎച്ച്ഡി ചെയ്താലും തൂപ്പുപണിയാണ് നിങ്ങള്‍ക്ക് പറഞ്ഞത്’; വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച അധ്യാപികയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് കാലിക്കറ്റ് സര്‍വകലാശാല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍