UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വജ്രവ്യാപാരിയുടെ കൊലപാതകം; നടി കസ്റ്റഡിയില്‍, ബിജെപി മന്ത്രിയുടെ മുന്‍ സ്റ്റാഫ് അറസ്റ്റില്‍

റേപ്പ് കേസില്‍ സസ്‌പെന്‍ഷനിലായ ഒരു പൊലീസ് കോണ്‍സ്റ്റബിളും അറസ്റ്റിലായിട്ടുണ്ട്

വജ്ര വ്യാപാരിയുടെ കൊലപാതകത്തില്‍ ഹിന്ദി സീരിയല്‍ നടിയെ കസ്റ്റഡിയില്‍ എടുക്കുകയും മഹാരാഷ്ട്ര മന്ത്രിയുടെ മുന്‍ സ്റ്റാഫ്, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവരെ അറസ്റ്റും ചെയ്തു. മന്ത്രി പ്രകാശ് മേത്തയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു സച്ചിന്‍ പവാര്‍, റേപ്പ് കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലായ പൊലീസ് കോണ്‍സ്റ്റബിള്‍ ദിനേഷ് പവാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദി സിരീയലുകളിലൂടെ പ്രശസ്തയായ ദേബോലിന ഭട്ടാചാര്യയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് റയ്ഗാഡ് ജില്ലയിലെ വനപ്രദേശത്തു നിന്നും വജ്ര വ്യാപാരിയായ രാജേശ്വര്‍ ഉദാനി(57)യുടെ മൃതദേഹം കണ്ടെത്തിയത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ദേബോലീനയെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ നടിയുടെ പങ്ക് ഏതുവിധമായിരുന്നുവെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഉദാനിയെ കാണാതായതിനു മൂന്നുദിവസങ്ങള്‍ക്കിപ്പുറം പൊലീസ് ദേബോലിനയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അതേസമയം ചലച്ചിത്രമേഖലയില്‍ നിന്നുള്ള മറ്റു ചില സ്ത്രീകളെയും ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ടെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഉദാനി നിശ ക്ലബുകളിലെ സ്ഥിരം സന്ദര്‍ശ കന്‍ ആയിരുന്നുവെന്നും സെലിബ്രിറ്റികളായവരടക്കം ധാരാളം സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ സച്ചിന്‍ പവാര്‍ 2004-2009 കാലത്ത് തന്റെ സ്റ്റാഫ് ആയിരുന്നുവെന്ന് മന്ത്രി പ്രകാശ് മേത്ത സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്നും സച്ചിനെ പുറത്താക്കിയതോടെ അയാളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതാണെന്നും മന്ത്രി പറയുന്നു. മുംബൈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായും സച്ചിന്‍ പവാര്‍ മത്സരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഉദാനിയും സച്ചിന്‍ പവാറും അടുത്ത പരിചയക്കാരായിരുന്നു.

നവംബര്‍ 28 മുതല്‍ വജ്രവ്യാപാരിയായ ഉദാനിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. ഡിസംബര്‍ നാലിന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഉദാനിയെ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വനത്തിനുള്ളില്‍ നിന്നും ഉദാനിയുടെ മൃതദേഹം കിട്ടുന്നത്. ജീര്‍ണാവാസ്ഥയിലായിരുന്ന ശരീരത്തില്‍ പരിക്കുകളൊന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വസ്ത്രങ്ങളും ഷൂസും തിരിച്ചറിഞ്ഞ് മകനാണ് ഉദാനിയുടെ മൃതദേഹമാണിതെന്ന് ഉറപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍