UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഇന്ത്യയിലോ അതോ പാകിസ്താനില്‍ നിന്നോ? മനസിലാകുന്നില്ലെന്ന് യോഗിയുടെ പരിഹാസം

രാഹുല്‍ ഗാന്ധി എന്തൊക്കെയാണ് പറയുന്നതെന്ന് മനസിലാകുന്നേയില്ല

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയെ ഉന്നംവച്ചായിരുന്നു ഇന്‍ഡോറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ യോഗിയുടെ പ്രധാന ആരോപണങ്ങള്‍. രാഹുല്‍ ഗാന്ധി എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. രാഹുല്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ നിന്നാണോ അതോ പാകിസ്താനില്‍ നിന്നാണോ എന്നു മനസിലാക്കിയെടുക്കാനും വളരെ ബുദ്ധിമുട്ടാണ്; ഇതായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേയുള്ള യോഗിയുടെ പരിഹാസം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ മാഫിയയോട് ഉപമിച്ചും യോഗി ആദിത്യനാഥ് പ്രകോപനം സൃഷ്ടിച്ചു. കഴിഞ്ഞ 70 വര്‍ഷവും ഇന്ത്യക്കു വേണ്ടി ഒന്നും ചെയ്യാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ബിജെപി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഉണ്ടാക്കിയ ബിമരു സംസ്ഥാനങ്ങള്‍(ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ വെള്ളമോ വൈദ്യുതിയോ റോഡുകളോ ഇല്ലാത്ത സ്ഥിതിയിലായിരുന്നു ഉണ്ടായിരുന്നതെന്നും യോഗി വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ കിട്ടാന്‍ വേണ്ടി മുസ്ലിം പുരോഹിതരുടെ യോഗത്തില്‍ സംസാരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ വീഡിയോ ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ അടിസ്ഥാനമാക്കിയും യോഗി കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉന്നയിച്ചു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് അവരുടെ പാര്‍ട്ടി മുസ്ലിം വോട്ടുകള്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നാണ്. അതുകൊണ്ട് ഞാന്‍ പറയുന്നു, നിങ്ങള്‍ അലിയെ കൊണ്ടുനടന്നോളൂ, ഞങ്ങള്‍ക്ക് ബജറംഗ് ബലി ധാരാളം; യോഗി പരിഹാസരൂപേണ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നു.

നവംബര്‍ 28 നാണ് 230 സീറ്റുകളിലേക്കായി മധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് ഇത്തവണ കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് തെരഞ്ഞെടുപ്പ് പൂര്‍വ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍