UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യം അകത്തുണ്ടോ എന്നാലിനി മെട്രോയില്‍ കറങ്ങാമെന്ന് കരുതേണ്ട: പുതിയ മാര്‍ഗരേഖ ഉടന്‍

കഴിഞ്ഞയാഴ്ച മദ്യപിച്ചെത്തിയ യാക്ക്രാരന്‍ ട്രാക്കിലിറങ്ങി ഓടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് സര്‍വീസ് നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമുണ്ടായത്

കൊച്ചി മെട്രോയില്‍ മദ്യപിച്ചെത്തുന്നവര്‍ക്ക് യാത്രാനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അധികൃതര്‍. ഇത് സംബന്ധിച്ച് പുതിയമാര്‍ഗരേഖ ഉടന്‍ ഇറക്കും. കഴിഞ്ഞ 19ന് മദ്യപിച്ചെത്തിയ യാക്ക്രാരന്‍ കാട്ടികൂട്ടിയ കോലാഹലങ്ങള്‍ ഇനി ഒരു യാത്രക്കാരനില്‍ നിന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലെന്നോണം ആണ് പുതിയ നടപടികള്‍ നടപ്പാക്കുനുദ്ദേശിക്കുന്നത്.

മദ്യപിച്ചെത്തിയ യാക്ക്രാരന്‍ ട്രാക്കിലിറങ്ങി ഓടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് മെട്രോ സര്‍വീസ് നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മെട്രോയുടെ സുരക്ഷയെ പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. മെട്രോ സര്‍വീസ് ആരംഭിച്ച് ആദ്യ ദിവസങ്ങളില്‍ മദ്യപിച്ച് ലക്കുകെട്ട് മെട്രോ ട്രെയിനില്‍ കിടന്നുറങ്ങുന്ന മദ്യപാനിയുടെ ചിത്രം നേരത്തെ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് മദ്യപാനിയല്ലെന്നും സുഖമില്ലാതെ ഉറങ്ങിപ്പോയതാണെന്നും പിന്നീട് തെളിഞ്ഞു.

മദ്യപിച്ചെത്തിയ യാത്രക്കാരന്‍ മറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് ആറു ട്രിപ്പുകള്‍ റദ്ദാക്കുകയും ഏഴു ട്രിപ്പുകള്‍ വൈകുകയും ചെയ്തു. കൃത്യനിര്‍വഹണത്തിന് വീഴ്ച വരുത്തി എന്ന കാരണത്താല്‍ മെട്രോ സ്റ്റേഷനിലേക്ക് കയറുന്ന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍കാലിക സുരക്ഷ ജീവനക്കാരനെയും പിരിച്ച് വിട്ടു. ട്രാക്കിലേക്കിറങ്ങിയ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായത് തക്കസമയത്ത് എമര്‍ജന്‍സി ട്രിപ്പ് സ്വിച്ച് ഓഫ് ആക്കി ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതുകൊണ്ടാണ്. അപാകതകളെല്ലാം പരിഹരിച്ച് മറ്റ് മെട്രോകളില്‍ നടപ്പാക്കിയിട്ടുള്ളതിനു സമാനമായി പുതിയ മാര്‍ഗരേഖയിറക്കി പരിഷ്‌കരിക്കാനാണ് കെഎംആര്‍എല്‍ ആലോചിക്കുന്നത്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍