UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാന്നാനം ദുരഭിമാന കൊലപാതകം: പ്രതികളില്‍ ഡിവൈഎഫ്‌ഐ നേതാക്കളും

ഡി വൈ എഫ് ഐ പുനലൂര്‍ ഇടമണ്‍ യൂണിറ്റ് സെക്രട്ടറി നിയാസ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ട കെവിനെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്

കോട്ടയം മന്നാനത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ തട്ടികൊണ്ടുപോയ കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളില്‍ ഡി വൈ ഫ് ഐ നേതാക്കളും. ഡി വൈ എഫ് ഐ പുനലൂര്‍ ഇടമണ്‍ യൂണിറ്റ് സെക്രട്ടറി നിയാസ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ട കെവിനെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്നത് നിയാസ് ആണെന്നാണ് അറിയുന്നത്. ഇയാളെ ഡിവൈഎഫ്‌ഐയില്‍ നിന്നും പുറത്താക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പോലിസ് വീഴ്ച വരുത്തിയതിനു പിന്നാലെ ‘ ദുരഭിമാന’ കൊലയില്‍ ഭരിക്കുന്ന കക്ഷിയുടെ പോഷക സംഘടനാ അംഗങ്ങള്‍ കൂടി ഉള്‍പ്പെട്ടത് വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്കു വഴി തെളിയിക്കും. നേരത്തെ തന്നെ ആഭ്യന്തര വകുപ്പിന്റെ പിടിപ്പു കേടില്‍ ഇടതുപക്ഷത്തു നിന്നുതന്നെ ഭിന്നസ്വരങ്ങള്‍ ഉണ്ട്.

കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായി സ്റ്റേഷനിലെത്തിയ ബന്ധുക്കളെ എസ്ഐ അവഹേളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഭാര്യ നീനു നല്‍കിയ പരാതിയും അവഗണിച്ചു. ഇന്നലെ പകല്‍ മുഴുവന്‍ ഇക്കാര്യം ആവശ്യപ്പെട്ട് നീനു പോലിസ് സ്റ്റേഷനില്‍ ഇരുന്നിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. വിഷയത്തില്‍ കോട്ടയം ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എസ് ഐ കൃത്യസമയത്ത് പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ഡിവൈഎസ്പിയുടെ റിപോര്‍ട്ടിലുള്ളത്. എസ് ഐ യെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഇതിനിടെ ദുരഭിമാന കൊലയില്‍ പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടെ കോട്ടയം എസ്പി മുഹമ്മദ് റഫീഖിന് പരിക്കേറ്റു. എസ്പിയ്ക്ക് നേരെ പാഞ്ഞടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടി കൊണ്ട് അടിക്കുകയായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 10 പ്രതികളാണ് കേസിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍