UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല വിധി: കേരളം പിന്നോട്ട് പോകരുതെന്ന് സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി

ആര്‍എസ്എസും ബിജെപിയും ശബരിമല വിധിയുടെ മറവില്‍ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗ്ഗീയ കലാപത്തിന് കളമൊരുക്കുകയാണ്

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ മുഖപ്രസംഗം. സവര്‍ണര്‍ നടന്നു വരുന്ന വഴികളില്‍ പോലും അവര്‍ണരെ കാണരുതാത്ത, അവര്‍ണ സ്ത്രീകള്‍ക്ക് മാറ് മറിക്കാന്‍ അവകാശമില്ലാതിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നെന്ന് മറക്കരുതെന്നും ഇന്ന് ആ ആചാരങ്ങള്‍ക്കെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആ കറുത്തകാലത്തേക്ക് കേരളം തിരിച്ചു പോകരുതെന്നാണ് കഴിഞ്ഞ പത്തിന് പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നത്.

കൂടാതെ ആര്‍എസ്എസും ബിജെപിയും ശബരിമല വിധിയുടെ മറവില്‍ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗ്ഗീയ കലാപത്തിന് കളമൊരുക്കുകയാണ്. ഇവര്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസും വര്‍ഗ്ഗീയരാഷ്ട്രീയം കളിക്കുകയാണെന്നും ഇതില്‍ പറയുന്നു. ഹിന്ദു വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്നത് അവസരവാദ രാഷ്ട്രീയമാണ്. എന്നാല്‍ അവര്‍ ആര്‍എസ്എസിനാലും ബിജെപിയാലും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഹിന്ദുത്വയ്‌ക്കൊപ്പം നില്‍ക്കുന്നത് ബിജെപിയെയും ആര്‍എസ്എസിനെയുമാണ് ശക്തിപ്പെടുത്തുകയെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. അത് കേരളത്തെ പിന്നോട്ടാണ് ചലിപ്പിക്കുന്നതെന്നും. വിശ്വാസികളുടെ സമരത്തിന്റെ പിന്നില്‍ നില്‍ക്കുന്ന ശക്തികള്‍ കേരളത്തിലെ നവോഥാന മുന്നേറ്റങ്ങളോട് പൊരുത്തപ്പെടാനാകാത്തവരാണ്.

എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായാണ് അറിയിച്ചത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ഇതല്ല. സുപ്രിംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വംബോര്‍ഡിനെയും നിര്‍ബന്ധിക്കുന്നത്. ഇത് കൂടാതെ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനുങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഒരുദിവസം ഉപവാസമനുഷ്ഠിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ആര്‍ത്തവം അശുദ്ധമാണെന്ന് ഉള്‍പ്പെടെയുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകളും നടത്തി.

2016ല്‍ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവകാശമുണ്ടെന്നാണ് ആര്‍എസ്എസ് നിലപാടെടുത്തത്. എന്നാല്‍ ഇപ്പോളവര്‍ അതില്‍ നിന്നും പിന്നോട്ട് പോയിരിക്കുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി ഇപ്പോള്‍ പറയുന്നത് ശബരിമലയിലെ സ്ത്രീ പ്രവേശനം ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നമാണെന്നും അവരുടെ വികാരം അവഗണിക്കാനാകില്ലെന്നുമാണ്. സുപ്രിംകോടതി വിധി വന്നപ്പോള്‍ അത് സ്വാഗതം ചെയ്യുന്നതായി അറിയിച്ച ആര്‍എസ്എസ് കേരള മേധാവി ഗോപലന്‍കുട്ടി തൊട്ടടുത്ത ദിവസം തന്നെ നിലപാട് മാറ്റി.

ശബരിമല ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തരുടെ പ്രതിഷേധം സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ആര്‍എസ്എസും ബിജെപിയും. എന്‍എസ്എസ്, പന്തളം രാജകുടുംബം, ശബരിമല തന്ത്രികുടുംബം എന്നിവരെയും അവര്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നു. അതേസമയം മതം അപകടത്തിലെന്ന് പ്രചരിപ്പിച്ചുള്ള ഈ പ്രതിഷേധങ്ങളെ വിമര്‍ശിച്ചും കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും പുലയ മഹാസഭ പ്രസിഡന്റും രംഗത്തെത്തിയിട്ടുണ്ട്. എന്‍ഡിഎയുടെ ഭാഗമായ ആദിവാസി നേതാവ് സി കെ ജാനുവും ഈ സമരത്തെ എതിര്‍ക്കുന്നതായി മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തിലെ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും പീപ്പിള്‍സ് ഡെമോക്രസി പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ സാമൂഹിക നവോഥാന മുന്നേറ്റങ്ങളുടെ ചരിത്രത്തെയാണ് പിന്തുണയ്ക്കുന്നതെന്നും പാര്‍ട്ടി പത്രം വ്യക്തമാക്കുന്നു.

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

‘എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ അയ്യപ്പന്‍ വര്‍മ്മയെന്ന പേര് ഇല്ലാതെ പോയി?’ സ്വാമി സന്ദീപാനന്ദ ഗിരി

നമ്മുടെ വിജയം പാണന്മാര്‍ പാടിനടക്കുമെന്ന് രാഹുല്‍ ഈശ്വര്‍: അതെന്നാ ചേട്ടാ നമ്പൂരിമാര്‍ക്ക് പാടി നടന്നാലെന്ന് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍