UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രാദേശിക കേന്ദ്രങ്ങളുടെ അധികാരങ്ങള്‍ നിയന്ത്രിക്കുന്നു; ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് പരിസ്ഥിതി മന്ത്രാലയവും

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചിറകരിഞ്ഞതിന് പിന്നാലെ പ്രാദേശിക ഓഫീസുകളുടെ അധികാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളുമായി പരിസ്ഥിതി മന്ത്രാലയവും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചിറകരിഞ്ഞതിന് പിന്നാലെ തങ്ങളുടെ പ്രാദേശിക ഓഫീസുകളുടെ അധികാരങ്ങള്‍ക്കും കൂച്ചുവിലങ്ങിടാനാണ് പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നത്.

പരിസ്ഥിതി ആഗാധ നിര്‍ണയ വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും പാരിസ്ഥിതിക അനുമതിപത്രം നല്‍കാന്‍ അതാത് പ്രാദേശിക ഓഫീസുകള്‍ക്ക് മാത്രമുണ്ടായിരുന്ന അധികാരം കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് കൂടി നല്‍കിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ നീക്കം. പ്രാദേശിക ഓഫീസുകളുടെ അധികാരം ഇല്ലാതാക്കുന്നതിന് തുല്യമാണ് ഇത്. പ്രദേശിക ഓഫീസുകളിലെ ശാസ്ത്രജ്ഞര്‍ ഇതില്‍ എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക ഓഫീസുകള്‍ക്ക് അധികാരം നഷ്ടമാകുന്നതോടെ കടുത്ത നിബന്ധനകളോടെ നടത്തിയിരുന്ന പരിശോധനകളില്‍ ക്രമക്കേടുകളുണ്ടാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

അനുമതി വൈകുന്നതിനാല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി നിലവിലുള്ളപ്പോഴാണ് അനുമതി ഇനിയും വൈകാനുള്ള സാഹചര്യമൊരുക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫീസുകളില്‍ നിന്നും അനുമതി പത്രം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളെയോ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രാദേശിക ഓഫീസുകളെയോ സമീപിക്കാമെന്നാണ് പുതിയ തീരുമാനം. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പത്ത് പ്രാദേശിക ഓഫീസുകളാണ് ഉള്ളത്. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഓഫീസ് ബംഗളൂരുവിലാണ്. ഈ ഓഫീസുകള്‍ക്ക് പ്രധാനമായും രണ്ട് ഉത്തരവാദിത്വങ്ങളാണ് ഉള്ളത്. ഒന്ന് വനത്തിലെ പാരിസ്ഥിതിക ഇടപെടലുകള്‍ സംബന്ധിച്ചും മറ്റൊന്ന് പാരിസ്ഥിതിക അനുമതി നല്‍കലുമാണ്. ഇതില്‍ പാരിസ്ഥിതിക അനുമതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഉന്നത ശാസ്ത്രജ്ഞര്‍ അടങ്ങിയ സമിതിയാണ്. ഈ വിഭാഗത്തിന്റെ അധികാരമാണ് ഇപ്പോള്‍ നഷ്ടമാകുന്നത്.

സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ വന്‍ നിര്‍മാണ ജോലികളില്‍ തുടര്‍ച്ചയും വികസനവം വേണ്ടപ്പോള്‍ വീണ്ടും വീണ്ടും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതുണ്ട്. പ്രാദേശിക ഓഫീസുകള്‍ വഴിയുള്ള ഈ അനുമതി ഉദ്യോഗസ്ഥരുടെ കുറവും അപേക്ഷകളുടെ എണ്ണക്കൂടുതുതലും മൂലം കിട്ടാന്‍ വൈകുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. അതേസമയം ഇത് പാരിസ്ഥിക അനുമതി നല്‍കലില്‍ അഴിമതിക്ക് കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍