UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്റ്റേറ്റ് ഇരട്ടകൊലപാതകം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മധുരയില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടുന്നത്

ചിന്നക്കനാല്‍ നടപ്പാറയിലെ എസ്റ്റേറ്റില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ടതിന്റെ പേരില്‍ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഉള്ളവര്‍ക്കാണ് സസ്‌പെനന്‍ഷന്‍. പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പേരിലാണ് എസ് പിയുടെ പ്രത്യേക സ്‌ക്വാഡിലുള്ള എസ് ഐ മാരായ ഉലഹന്നാന്‍, സജി എം പോള്‍, ഡ്രൈവര്‍ അനീഷ്, സിപിഒ ഓമനക്കുട്ടന്‍, ശാന്തമ്പാറ സ്റ്റേഷനിലെ ഡ്രൈവര്‍ രമേഷ് എന്നിവര്‍ക്കെതിരേ ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ നടപടിയെടുത്തത്. ഇതുകൂടാതെ രാജാക്കാട് എസ് ഐ പി ഡി അനൂപ് മേനോനെതിരേയുള്ള നടപടിക്ക് ഐജിയോട് ശിപാര്‍ശയും ചെയ്തിട്ടുണ്ട്. അതേസമയം സസ്‌പെന്‍ഷന്‍ നടപടി പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

പ്രതിയായ ബോബിനെ മധുരയില്‍ നിന്നും അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസുകാര്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം എടുത്തിരുന്നു. ഈ ചിത്രം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മാധ്യമങ്ങള്‍ക്കും നല്‍കിയതാണ് നടപടിക്ക് കാരണമായി പറയുന്നത്. മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ചിത്രം നല്‍കിയെന്നാണ് കുറ്റം. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കാനിരുന്ന ജില്ല പൊലീസ് മേധാവി ചിത്രങ്ങളും വിവരങ്ങളും പുറത്തുപോയതോടെ വാര്‍ത്തസമ്മേളനം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരേ നടപടി.

എലത്തോട്ടം ഉടമയായ കോട്ടയം സ്വദേശി ജേക്കബ് വര്‍ഗീസ് എന്ന രജേഷ്, തോട്ടത്തിലെ തൊഴിലാളിയായിരുന്ന ചിന്നക്കനാല്‍ പവര്‍ ഹൗസ് സ്വദേശി മുത്തയ്യ എന്നിവരെയാണ് പ്രതി ബോബന്‍ കൊലപ്പെടുത്തിയത്. ഇയാള്‍ ഇതേ തോട്ടത്തിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു. കൊലപാതകങ്ങള്‍ക്കു ശേഷം രക്ഷപ്പെട്ട ബോബിനെ മധുരയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍