UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയ്ക്ക് പോലും ജയലളിതയെ ശരിയ്ക്ക് കാണാന്‍ സാധിച്ചിരുന്നില്ലെന്ന് ടിടിവി ദിനകരന്‍

അമ്മയ്ക്ക് അണുബാധ ഉണ്ടാകുമെന്ന് ഭയന്ന് ആശുപത്രി അധികൃതര്‍ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം

അസുഖ ബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ കാണാനെത്തിയവരെ ശശികലയും സംഘവും തടഞ്ഞെന്ന വാര്‍ത്തയ്‌ക്കെതിരെ ടിടിവി ദിനകരന്‍. ആശുപത്രിയില്‍ കഴിയുമ്പോള്‍ ശശികലയ്ക്ക് പോലും ജയലളിതയെ ശരിയ്‌ക്കൊന്ന് കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് ശശികലയുടെ സഹോദരീ പുത്രന്‍ കൂടിയായ ദിനകരന്‍ പറയുന്നത്.

സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ ചിന്നമ്മ അമ്മയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നുവെന്ന് ദിനകരന്‍ പറയുന്നു. എന്നാല്‍ ഒക്ടോബര്‍ ഒന്നിന് ശേഷം അവരെ ശരിയ്‌ക്കൊന്ന് കാണാന്‍ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ല. അമ്മയ്ക്ക് അണുബാധ ഉണ്ടാകുമെന്ന് ഭയന്ന് ആശുപത്രി അധികൃതര്‍ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. ആശുപത്രി അധികൃതരുടെ അനുവാദത്തോടെ എല്ലാ ദിവസവും ഏതാനും മിനിറ്റുകള്‍ മാത്രമാണ് ശശികലയ്ക്ക് ജയലളിതയെ കാണാന്‍ സാധിച്ചിരുന്നതെന്നും ദിനകരന്‍ പറയുന്നു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജയലളിത ആശുപത്രി കിടക്കയില്‍ കിടന്ന് ഇഡ്ഡലി കഴിക്കുന്നത് കണ്ടെന്ന് താന്‍ പറഞ്ഞത് ശശികലയെ ഭയന്നാണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ ശ്രീനിവാസന്‍ ഓരോന്ന് വിളിച്ചുകൂവുകയാണെന്ന് ദിനകരന്‍ പരിഹസിച്ചു. ജയലളിതയുടെ മരണത്തെക്കുറിച്ച് അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞതെല്ലാം കളവായിരുന്നെന്നും ശശികലയെ പേടിച്ചാണ് അങ്ങനെ ചെയ്തതെന്നുമാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ജയലളിതയെ ആരും കണ്ടിട്ടില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു എന്നിവരെല്ലാം ജയയെ സന്ദര്‍ശിക്കാനെത്തിയെങ്കിലും സാധിക്കാതെ മടങ്ങുകയായിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു. ശശികലയ്‌ക്കെതിരെ കലാപമുയര്‍ത്തി പാര്‍ട്ടി വിട്ട പനീര്‍ സെല്‍വത്തിന്റെ പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആയിരുന്നു. പനീര്‍സെല്‍വം, പളനിസാമി പക്ഷങ്ങള്‍ ഒന്നാകുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍