UPDATES

പ്രവാസം

ക്രിമിനല്‍ കേസില്‍ അല്ലാതെ ഷാര്‍ജ ജയിലില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കും

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനം

ഗുരതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി പ്രഖ്യാപിച്ചു.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ അഭ്യര്‍ത്ഥന പ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിച്ചത്. കേരളീയര്‍ മാത്രമല്ല ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു. ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ബിരുദദാന ചടങ്ങില്‍ ആദ്യം പരാമര്‍ശിച്ചത്. ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്, ‘എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും’. എന്നാണ് ശൈഖ് സുല്‍ത്താന്‍ എന്നോട് പറഞ്ഞത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പിന്നീട് തന്റെ മറുപടി പ്രസംഗത്തില്‍ ശൈഖ് സുല്‍ത്താനും സ്ഥിരീകരിച്ചു.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ്സ് സംബന്ധമായ കേസുകളിലും പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമാകും. യു.എ.ഇ.യിലെ മറ്റു എമിറേറ്റ്‌സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരൂമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍