UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമയില്‍ ഇര്‍ഫാന്‍ ഖാന്‍ ചെയ്തത് ജീവിതത്തില്‍ ഗൗരവ് ചെയ്തു; പക്ഷേ പിടിക്കപ്പെട്ടു

ഹിന്ദി മീഡിയം സിനിമയുടെ പ്രമേയവും ഇതു തന്നെയായിരുന്നു

ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തിയ സിനിമയാണ് ‘ഹിന്ദി മീഡിയം’. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും നിരൂപശ്രദ്ധ നേടുകയും ബോക്‌സ് ഓഫിസില്‍ ഹിറ്റ് ആവുകയും ചെയ്ത ചിത്രമാണ് സാകേത് ചൗധരി സംവിധാനം ചെയ്ത ഹന്ദി മീഡിയം. സാബാ ഖമര്‍ നായിക വേഷം ചെയ്ത, 2017 മേയില്‍ റിലീസ് ചെയ്ത ഈ കോമഡി-ഡ്രാമ ചിത്രത്തില്‍ ബിസിനസുകാരനായ രാജ് ബത്രയും ഭാര്യ മിതയും തങ്ങളുടെ അഞ്ചു വയസുകാരി മകള്‍ പിയയെ ഡല്‍ഹിയിലെ പേരുകേട്ടൊരു സ്‌കൂളില്‍ ചേര്‍ക്കാനായി തങ്ങളുടെ സാമ്പത്തിക ചുറ്റുപാടുകളും താമസസംബന്ധമായ വിവരങ്ങളുമെല്ലാം മറച്ചുവച്ചുകൊണ്ട് നടത്തുന്ന ശ്രമങ്ങളാണ് കാണിക്കുന്നത്.

ഈ സിനിമാക്കഥ ഇപ്പോള്‍ ഒരു യാഥാര്‍ത്ഥ്യമായി സംഭവിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍. മകന്റെ സ്‌കൂള്‍ പ്രവേശനത്തിന് വ്യാജ വിവരങ്ങള്‍ നല്‍കിയെന്ന് തെളിഞ്ഞതോടെ സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ ഗൗരവ് ഗോയല്‍ എന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2013 ല്‍ ആണ് ഗൗരവ് മകന് വ്യാജവിവരങ്ങള്‍ നല്‍കി പ്രവേശനം തരപ്പെടുത്തിയത്. തന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ മറച്ചുവച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി, സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍( ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍-ഇഡബ്ല്യുഎസ്) ഉള്‍പ്പെട്ടവരാണെന്ന് കാണിച്ച് മകന് സ്‌കൂള്‍ പ്രവേശനം സാധ്യമാക്കുകയായിരുന്നു ഗൗരവ് ചെയ്തത്.

ഗൗരവ്, വ്യാജ ഇഡബ്ല്യുഎസ് രേഖകളും വ്യാജ മേല്‍വിലാസവും, അതുപോലെ തെറ്റായ നികുതി വരുമാന രേഖകളും ഉള്‍പ്പെടെ ഹാജരാക്കിയാണ് മകന് സ്‌കൂള്‍ പ്രവേശനം നേടിക്കൊടുത്തതെന്നാണ് പരാതി; സീനിയര്‍ പൊലീസ് സൂപ്രണ്ട് മധുര്‍ വര്‍മ മാധ്യമങ്ങളോട് പറയുന്നു.

എന്നാല്‍ ഗൗരവ് ഗോയല്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. താന്‍ വ്യാജമായ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഇഡബ്ല്യുഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയായിരുന്നുവെന്നുമാണ് ഗൗരവ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍