UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് ഫാഷന്‍ ഡിസൈനര്‍ മാല ലഖാനിയെ ജീവനക്കാരനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി

മാല ലഖാനിയുടെ സുരക്ഷ ജീവനക്കാരനെയും പ്രതികള്‍ കൊലപ്പെടുത്തി

ഡല്‍ഹി സ്വദേശിയായ ഫാഷന്‍ ഡിസൈനറെ കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ പൊലീസിനു മുന്നാകെ കീഴടങ്ങുകയായിരുന്നു. ന്യൂഡല്‍ഹിയിലെ വസന്ത്കുഞ്ജ് മേഖലയില്‍ താമസിച്ചിരുന്ന 53 കാരിയായ മാല ലഖാനിയാണ് കൊല്ലപ്പെട്ടത്. ഗ്രീന്‍പാര്‍ക്ക് ഏരിയായില്‍ ഒരു ബോട്ടീക് നടത്തി വരികയായിരുന്നു മാല സ്വന്തം വീട്ടില്‍വച്ചാണ് കൊല ചെയ്യപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് പ്രതികളായ മൂന്നുപേര്‍ ചേര്‍ന്ന് 10 തവണ മാലയെ കുത്തിയിട്ടുണ്ട്. ഇവരുടെ സുരക്ഷ ജീവനക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്.

മാല ലഖാനിയുടെ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധിച്ച സമീപവാസികള്‍ സംശയം തോന്നി വീട്ടില്‍ എത്തിനോക്കുകയായിരുന്നു. സുരക്ഷ ജീവനക്കാരനെ കാണാതിരുന്നതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മാലയുടെയും സുരക്ഷ ജീവനക്കാരന്റെയും മൃതശരീരങ്ങള്‍ കണ്ടെത്തുന്നത്.

മാലയുടെ കൂടെ കഴിഞ്ഞ നാലുവര്‍ഷമായി ജോലി ചെയ്തു വരികയായിരുന്ന പ്രധാന തയ്യല്‍ക്കാരന്‍ രാഹുല്‍ അന്‍വാറിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്.റഹ്മാന്‍, വസീം എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികള്‍ മൂന്നുപേരും പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷണമായിരുന്നു കൊലപാതകത്തിനു പിന്നിലെ ഉദ്ദേശമെന്ന് പ്രതികള്‍ സമ്മതിച്ചു. മാലയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ഒരു ഹ്യൂണ്ടായി കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കാറില്‍ നിന്നും മാലയുടെ വീട്ടില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ചെന്നു കരുതുന്ന സ്വര്‍ണാഭരണങ്ങളും പണവും പൊലീസിന് കിട്ടിയിട്ടുണ്ട്. രാത്രി പത്തിനും പന്ത്രണ്ടിനും ഇടയിലായിരുന്നു തങ്ങള്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്. മാലയെ കൊല്ലണമെന്നത് പ്രതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. ഇതിനായി കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് വരെ ഇവര്‍ ഒരു കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. ഒരു തുണി കാണിക്കാന്‍ ഉണ്ടെന്നു പറഞ്ഞാണ് പ്രതികള്‍ മാലയെ കാണാന്‍ എത്തിയത്. തുടര്‍ന്നായിരുന്നു കൊലപാതകം. മാല തങ്ങള്‍ക്ക് ശമ്പളം തന്നിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിനു തങ്ങളെ പ്രേരിപ്പിച്ചതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയായ അന്‍വാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികോപദ്രവം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ വ്യക്തി കൂടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍