UPDATES

ട്രെന്‍ഡിങ്ങ്

‘ഞാനുമുണ്ടായിരുന്നു അവര്‍ക്കൊപ്പം’: ഫാദര്‍ നോബിളിന്റെ യൂടൂബ് വീഡിയോയ്ക്ക് താഴെ താനിട്ട കമന്റ് ഡിലീറ്റ് ചെയ്തതെന്തിനെന്ന് മാധ്യമപ്രവര്‍ത്തക

ഭാര്യ കൂടെയുണ്ടെന്ന് വന്നാല്‍ ഇയാളുടെ മനോരോഗികളായ ആരാധകരുടെ മനസുഖം നഷ്ടപ്പെടുമെന്ന് കരുതിക്കാണും

സിസ്റ്റര്‍ ലൂസിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ നോബിള്‍ പാറയ്ക്കല്‍ തെറ്റ് ചൂണ്ടിക്കാട്ടി താനിട്ട കമന്റ് ഡിലീറ്റ് ചെയ്‌തെന്ന് മാധ്യമപ്രവര്‍ത്തക. സിസ്റ്റര്‍ ലൂസിയെ സന്ദര്‍ശിക്കാന്‍ പോയ മാധ്യമസംഘത്തിലുണ്ടായിരുന്ന ബിന്ദു മില്‍ട്ടണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യൂടൂബിലൂടെയാണ് നോബിള്‍ പാറയ്ക്കല്‍ വീഡിയോ പ്രചരിപ്പിച്ചത്.

ജൂണ്‍ ഒന്നിന് കോണ്‍വെന്റിന്റെ മുന്‍വശത്ത് വന്ന കാറാണ് വീഡിയോയില്‍ ആദ്യമുള്ളത്. പിന്നീട് രണ്ട് പുരുഷന്മാര്‍ സിസ്റ്റര്‍ ലൂസിയ്‌ക്കൊപ്പം മഠത്തിന്റെ പിന്‍ഭാഗത്തേക്ക് പോകുന്നതും ഇതില്‍ കാണാം. അടുക്കള ഭാഗത്തു കൂടി മഠത്തിനുള്ളിലേക്ക് പോകുന്നതും ഒരു മണിക്കൂറിന് ശേഷം ഏതാനും ഫയലുകളുമായി മടങ്ങിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്. ‘കാരക്കാമല മഠത്തില്‍ മുന്‍കന്യാസ്ത്രീയെ പൂട്ടിയിട്ടൂ എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അതേസമയം മഠത്തിന്റെ പിന്‍വാതിലിലൂടെ സ്ത്രീസന്ന്യസ്തര്‍ വസിക്കുന്ന ഭവനത്തിലേക്ക് അപരിചിതരായ പുരുഷന്മാരെ കയറ്റിക്കൊണ്ടുപോവുകയും ഒരു മണിക്കൂറിന് ശേഷം ഇറക്കിവിടുകയും ചെയ്യുന്ന വീഡിയോദൃശ്യങ്ങള്‍ കാണുക. ആരാണ് അതിക്രമം പ്രവര്‍ത്തിക്കുന്നത്?’ എന്നാണ് വീഡിയോയ്ക്ക് യൂടൂബില്‍ കൊടുത്തിരിക്കുന്ന വിശദീകരണം.

കൂടാതെ നോബിള്‍ പാറയ്ക്കല്‍ നേരിട്ട് വീഡിയോയെക്കുറിച്ച് വിശദീകരിക്കുന്നുമുണ്ട്. ‘മദര്‍ സുപ്പീരിയറിന്റെ അനുവാദമില്ലാതെ സ്ത്രീ സന്ദര്‍ശകര്‍ക്ക് പോലും പ്രവേശനമില്ലാത്ത മഠത്തിനുള്ളിലേക്കാണ് രണ്ട് പുരുഷന്മാര്‍ അടുക്കള വാതിലിലൂടെ പ്രവേശിക്കുന്നത്’ എന്നാണ് ഇയാള്‍ വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. ലൂസി കളപ്പുര തന്നെ മഠത്തില്‍ പൂട്ടിയിട്ടുവെന്ന് പറയുന്നതിനാലാണ് താന്‍ ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിടുന്നതെന്നും ഇന്നലെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. അതേസമയം ഈ വീഡിയോയ്ക്ക് താഴെ അത് മാധ്യമപ്രവര്‍ത്തകനായ തന്റെ ഭര്‍ത്താവും സുഹൃത്തുമാണെന്ന് ബിന്ദു കമന്റ് ഇട്ടിരുന്നു. മാത്രമല്ല, അവര്‍ക്കൊപ്പം താനുമുണ്ടെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഈ കമന്റ് പിന്നീട് നീക്കം ചെയ്തതായാണ് ബിന്ദു അഴിമുഖത്തോട് പറഞ്ഞത്.

വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ ഒരു ഫോണ്‍ വന്നതുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം മഠത്തിലേക്ക് പോകാന്‍ സാധിച്ചില്ലെന്നും ഇവര്‍ അറിയിച്ചു. അരമണിക്കൂര്‍ അഭിമുഖത്തിന് ശേഷം ഇരുവരും മടങ്ങിയെത്തുകയും ചെയ്തു. ഇതിനിടയില്‍ ഈ വീഡിയോയില്‍ തന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും പതിഞ്ഞിട്ടുണ്ടെങ്കില്‍ വീഡിയോയില്‍ കൃത്രിമത്വം കാണിക്കുകയാണ് നോബിള്‍ ചെയ്തത്. വീഡിയോയില്‍ താനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി നോബിളിന്റെ വീഡിയോയ്ക്ക് താഴെ താന്‍ കമന്റിട്ടിരുന്നു. വീഡിയോയുടെ പൂര്‍ണരൂപം പബ്ലിഷ് ചെയ്യണമെന്നായിരുന്നു തന്റെ ആവശ്യം. എന്നാല്‍ ആ കമന്റ് ഡിലീറ്റ് ചെയ്യുകയോ ഹൈഡ് ചെയ്യുകയോ ആണ് ചെയ്തത്. അതുകൊണ്ട് വീഡിയോയില്‍ താന്‍ ഉള്‍പ്പെട്ട ഭാഗം നോബിള്‍ എഡിറ്റ് ചെയ്ത് മാറ്റിയെന്നാണ് ബിന്ദു സംശയിക്കുന്നത്.

‘മാധ്യമ പ്രവര്‍ത്തകരായ ഞാനും ഭര്‍ത്താവും ഞങ്ങളുടെ കൂടെയുള്ള മറ്റൊരു മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് സിസ്റ്റര്‍ ലൂസിയെ കാണാന്‍ പോയത്. പാതിരി കുപ്പായമിട്ട ഇയാള്‍ സെലക്ടിവ് ആയി വീഡിയോ പുറത്തു വിട്ടിരിക്കുന്നു. ഭാര്യ കൂടെയുണ്ടെന്ന് വന്നാല്‍ ഇയാളുടെ മനോരോഗികളായ ആരാധകരുടെ മനസുഖം നഷ്ടപ്പെടുമെന്ന് കരുതിക്കാണും. നാണമില്ലെടോ തനിയ്ക്ക്? എല്ലാ പുരുഷന്മാരും തന്നെപോലെയാണെന്നു കരുതരുത് മിസ്റ്റര്‍.’ എന്നാണ് മറ്റൊരു കമന്റില്‍ ഇവര്‍ ചോദിക്കുന്നത്. ‘താനെന്താടോ ഫാദര്‍ അത് മാധ്യമ പ്രവര്‍ത്തകനായ എന്റെ ഭര്‍ത്താവും മറ്റൊരു മാധ്യമ പ്രവര്‍ത്തകനുമാണെന്നു എഴുതിയത് ഡിലീറ്റ് ചെയ്തത്? കൂടെ ഞാനുമുണ്ടായിരുന്നു എന്ന സത്യം തന്നെ ഞെട്ടിച്ചോ? ധൈര്യമുണ്ടെങ്കില്‍ തന്റെ ഭീകര വീഡിയോയില്‍ എന്റെ കമന്റ് ഉള്‍പ്പെടുത്തഡോ കള്ള പാതിരി. അല്ലെങ്കില്‍ തന്റെ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പിന്‍വലിയ്ക്കെടോ’ എന്നും ഇവര്‍ കമന്റില്‍ ആവശ്യപ്പെടുന്നു.

also read:പാതിരിമാരെ പോലെ അര്‍ദ്ധരാത്രി മതിലുചാടിയല്ല, സിസ്റ്ററെ കണ്ടത് പട്ടാപ്പകല്‍; ലൂസിയെ കണ്ട മാധ്യമപ്രവര്‍ത്തക പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍