UPDATES

ട്രെന്‍ഡിങ്ങ്

മകന് ചികിത്സവൈകിയത് ഫേസ്ബുക്ക് ലൈവ് ഇട്ട പിതാവിനെ ജാമ്യമില്ലാ കേസ് ചുമത്തി അറസ്റ്റ് ചെയ്തു

ഹോസ്പിറ്റല്‍ കെയര്‍ ആക്ട്, പൊതുമുതല്‍ നശിപ്പിച്ചു, സ്ത്രീകളെ അശ്ലീലപദം ഉപയോഗിച്ച് തെറിവിളിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്‌

പനിബാധിച്ച കുട്ടിക്ക് ചികിത്സ വൈകിയത് ഫേസ്ബുക്ക് ലൈവ് നല്‍കിയ പിതാവിനെതിരെ ജാമ്യമില്ലാ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഉള്ളിയേരി അരുമ്പമലയില്‍ ഷൈജുവാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജുവിന്റെ ഏകമകനാണ് ചികിത്സ വൈകിച്ചത്. ഡോക്ടറുടെ പരാതിയിലാണ് ഷൈജുവിനെതിരെ കേസെടുത്തത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

ബാലുശേരി ആശുപത്രിയില്‍ പനിക്ക് ചികിത്സയിലായിരുന്ന കുട്ടിയുടെ രോഗം കുറയാതിരുന്നതിനെ തുടര്‍ന്നാണ് ഷൈജുവും ഭാര്യ സിന്ധുവും റഫറന്‍സ് വാങ്ങി ഈമാസം എട്ടിനാണ് കൊയിലാണ്ടി ആശുപത്രിയിലെത്തിയത്. രാവിലെ എത്തിയെങ്കിലും ഷൈജുവിനും കുടുംബത്തിനും വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നു. പലരും ജീവനക്കാരുടെ സഹായത്തോടെ ഡോക്ടറെ കണ്ട് മടങ്ങിയതോടെ ആശുപത്രിയില്‍ വാക്ക് തര്‍ക്കമുണ്ടായെന്ന് സിന്ധു പറയുന്നു. ഇത് ഫേസ്ബുക്ക് ലൈവില്‍ ഇടുകയല്ലാതെ ഷൈജു ബഹളത്തിനൊന്നും പോയിരുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ നടക്കുന്ന ചികിത്സയോ മറ്റ് രംഗങ്ങളോ പകര്‍ത്തിയിരുന്നില്ല. ബഹളം കഴിഞ്ഞപ്പോള്‍ മകനെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി ഇവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം ഡോക്ടറുടെ പരാതി ലഭിച്ചെന്നും സ്റ്റേഷനില്‍ എത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിപ്പിക്കുകയായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്.

ഹോസ്പിറ്റല്‍ കെയര്‍ ആക്ട്, പൊതുമുതല്‍ നശിപ്പിച്ചു, സ്ത്രീകളെ അശ്ലീലപദം ഉപയോഗിച്ച് തെറിവിളിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് വാര്‍ത്ത പുറത്തുകൊണ്ടുവന്ന കൊയിലാണ്ടിയിലെ സാമൂഹിക പ്രവര്‍ത്തകനായ പ്രമോദ് രാരോത്ത് അഴിമുഖം പ്രതിനിധിയെ അറിയിച്ചു. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയാല്‍ ആശുപത്രി സൂപ്രണ്ട് ആണ് കേസ് കൊടുക്കേണ്ടതെന്നും എന്നാല്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പ്രതിഭ തന്നോട് പറഞ്ഞതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ സത്യന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസെടുക്കാന്‍ ആശുപത്രി മേധാവിയുടെ പരാതി വേണ്ടെന്നാണ് കൊയിലാണ്ടി എസ്‌ഐ റഹൂബ് അഴിമുഖത്തോട് പറഞ്ഞത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിയുണ്ടായാല്‍ പ്രിന്‍സിപ്പലിന്റെ അനുമതി തേടിയല്ലല്ലോ അറസ്റ്റ് ചെയ്യുന്നതെന്നും എസ്‌ഐ ചോദിച്ചു. മാത്രമല്ല, ഡ്യൂട്ടി ഡോക്ടര്‍ മുന്‍ഗണന അനുസരിച്ച് രോഗികളെ പരിശോധിക്കുമ്പോള്‍ ഷൈജു ബഹളമുണ്ടാക്കുകയായിരുന്നെന്നും ഡോക്ടരറുടെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചുവെന്നും എസ്‌ഐ ആരോപിക്കുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇയാളെ ഹാജരാക്കിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടതിനാലാണ് റിമാന്‍ഡ് ചെയ്തതെന്നാണ് മഹ്‌റൂബിന്റെ വാദം.

also read:മൂന്നാം സാമ്പത്തിക മാന്ദ്യം പടിവാതിലിൽ; കരകയറാനാകുമോ ഇന്ത്യക്ക്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍