UPDATES

നഴ്‌സുമാരുടെ സംഘടനാ നേതാവ് ജാസ്മിന്‍ ഷാ മൂന്ന് കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ട്രഷററും അറിയാതെ ഈ തുക പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് സിബി മുകേഷ് പറയുന്നത്

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) നേതാവ് സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടി രൂപ തട്ടിയെടുത്തെന്ന് ഡിജിപിക്ക് പരാതി. സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബഹ്ര ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വിദേശത്തു നിന്നുള്ള നഴ്‌സുമാരുടെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നഴ്‌സുമാരുടെയും സംഭാവനകളും ലെവിയും സ്വീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘടനാ നിയമാവലികളെയും കമ്മിറ്റിയെയും നോക്കുകുത്തിയാക്കി കോടികളാണ് ഏതാനും വ്യക്തികള്‍ സ്വകാര്യ താല്‍പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത നിതിന്‍ മോഹന്‍ എന്ന വ്യക്തി അമ്പത്തി ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി എഴുന്നൂറ്റി നാല്‍പ്പത് രൂപ പിന്‍വലിച്ചതിന്റെ രേഖകളും ഈ പരാതിയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് നിതിന്‍. കൂടാതെ ഓഫീസ് സ്റ്റാഫായ ജിത്തു ബാങ്കില്‍ നിന്നും ക്യാഷ് ആയി അമ്പത്തൊമ്പത് ലക്ഷത്തി ഏഴായിരത്തി മുന്നൂറ്റി നാല്‍പ്പത് രൂപയും ടിആര്‍എഫ് ട്രാന്‍സ്ഫര്‍ വഴി മുപ്പത്തിയെട്ട് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി എഴുന്നൂറ് രൂപയും ബിഗ് സോഫ്റ്റ് ടെക്‌നോളജീസ് എന്ന പേരില്‍ പന്ത്രണ്ടര ലക്ഷം രൂപയും പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ ഷോബി ജോസഫ് എന്ന യുഎന്‍എ നേതാവിന്റെ പേരിലും പതിനഞ്ച് ലക്ഷത്തി പതിനായിരത്തി അറുന്നൂറ്റി പതിനൊന്ന് രൂപയാണ് പിന്‍വലിച്ചിരിക്കുന്നത്.

സംഘടനാ തീരുമാന പ്രകാരമല്ലാതെ യാതൊരു ആവശ്യവുമില്ലാതെ പല വ്യക്തികള്‍ക്കും ലക്ഷങ്ങള്‍ കൊടുത്തിട്ടുണ്ടെന്നു പരാതിയില്‍ ആരോപിക്കുന്നു. സംഘടനയുടെ നാല് ബാങ്ക് അക്കൗണ്ടുകളിലായി വന്ന തുകയില്‍ നിന്നാണ് ഇതെല്ലാം പിന്‍വലിക്കപ്പെട്ടത്. 2017 ഏപ്രില്‍ മുതല്‍ അംഗത്വ ഫീസായി ഇരുപതിനായിരം പേര്‍ 500 രൂപ വീതം നല്‍കിയതില്‍ 68 ലക്ഷം സംസ്ഥാന ട്രഷറര്‍ക്ക് നേരിട്ട് ജില്ലാ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, കെവിഎം, ഭാരത് സഹായ നിധി, സഫീറത്ത് സഹായ നിധി എന്നിവയിലേക്കും പിരിച്ച ലക്ഷങ്ങളും സംസ്ഥാന ട്രഷറര്‍ക്ക് നേരിട്ട് നല്‍കിയിട്ടുണ്ട്. ഈ തുകയൊന്നും സംഘടനയുടെ നാല് അക്കൗണ്ടുകളിലും എത്തിച്ചേര്‍ന്നിട്ടില്ല. ഈ തുക കൂടി ചേര്‍ക്കുമ്പോള്‍ സംഘടനയ്ക്ക് ഏകദേശം മൂന്നര കോടി രൂപ നഷ്ടമായെന്നാണ് കണക്കാക്കപ്പെടുന്നത്.

രേഖാമൂലം കണക്കുകള്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും അതിന് ജാസ്മന്‍ ഷാ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ തയ്യാറായിട്ടില്ലെന്നും സിബി മുകേഷ്, മുഹമ്മദ് എ എന്നിവര്‍ ഒപ്പിട്ട പരാതിയില്‍ പറയുന്നത്. ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണ് ഡിജിപി ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ട്രഷററും അറിയാതെ ഈ തുക പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് സിബി മുകേഷ് പറയുന്നത്. മാസ വരിസംഖ്യ നല്‍കുന്ന എണ്ണായിരത്തിലധികം അംഗങ്ങളാണ് യുഎന്‍ഐയിലുള്ളത്. ഈ വരിസംഖ്യയും അക്കൗണ്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്. അതേസമയം സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സിബി മുകേഷിനെ നേരത്തെ പുറത്താക്കിയിരുന്നതായാണെന്നും ഇതിനുള്ള പ്രതികാര നടപടിയാണ് പരാതിയെന്നും ജാസ്മിന്‍ ഷാ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍