UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാതക ചോര്‍ച്ചയെ തുടര്‍ന്നു തീ പിടുത്തം; കൊച്ചിന്‍ റിഫൈനറിയില്‍ ഒഴിവായത് വന്‍ ദുരന്തം

വാതക ചോര്‍ച്ചയെക്കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍

കൊച്ചിന്‍ കപ്പല്‍ശാലയില്‍ അഞ്ചു പേരുടെ മരണത്തിനടയാക്കി കൊണ്ട് കപ്പലില്‍ ഉണ്ടായ സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്കിപ്പുറം കൊച്ചിന്‍ റിഫൈനറിയിലും തീപിടുത്തം. വാതക ചോര്‍ചച്ചയെ തുടര്‍ന്നാണ് തീ പിടിത്തം. ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റില്‍ പുലര്‍ച്ചെ 6.30ഓടെ യാണ് തീ പടര്‍ന്നത്. ഹൈവി നാഫ്ത ഡ്രോലൈന്‍ എന്ന ഭാഗത്തുണ്ടായ വിള്ളലിനെ തുടര്‍ന്നാണ് നാഫ്തലീന്‍ വാതകം ചോര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയിലെ  ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏറെനേരം പണിപ്പെട്ട് തീയണക്കുകയായിരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് റിഫൈനറി അധികൃതര്‍ പറയുന്നത്. തീ പിടുത്തമുണ്ടായി അല്‍പ്പസമയത്തിനകം തന്നെ തീയണക്കാനായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

ഒരാഴ്ചയിലേറെയായി റിഫൈനറിയില്‍ വാതക ചോര്‍ച്ചയുണ്ടെന്ന് അധികൃതരോടു പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിട്ടും ഈ വിഷയം അവഗണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. ബുധനാഴ്ച പകല്‍ സമയം മുതല്‍ പ്രദേശത്ത് രൂക്ഷമായ വാതകച്ചോര്‍ച്ച അനുഭവപ്പെട്ടതായും ഇവര്‍ പറയുന്നു. വാതകച്ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രദേശവാസികള്‍ക്ക് ശ്വാസം മുട്ടലും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. അമ്പത് വയസുകാരിയായ മദ്ധ്യവയസ്‌ക്ക തലചുറ്റി വീഴുകയും ചെയ്തു. ശാരീരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ച് പേരെ ഇന്നലെ രാത്രി 12 മണിയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുഴിക്കാട്ട് സ്വദേശികളായ കാര്‍ത്ത്യായനി (50), ശ്രീജ (16), കുഞ്ഞന്‍ 68), അയ്യപ്പന്‍കുട്ടി (54), സുധി (14) എന്നിവരെയാണ് ആശുപത്രിയിലെത്തിച്ചത്. ഇവരെ രാവിലെ ഏഴ് മണി വരെ വാര്‍ഡില്‍ നിരീക്ഷണത്തില്‍ വച്ച ശേഷം രാവിലെയോടെ പറഞ്ഞുവിട്ടു. അതേസമയം പരാതിക്കാരായ നാട്ടുകാരുടെ കൂടി ഭൂമി റിഫൈനറിയെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനാണ് നാട്ടുകാര്‍ വ്യാജ പരാതി ഉന്നയിക്കുന്നതെന്ന കൊച്ചിന്‍ റിഫൈനറീസ് അധികൃതരുടെ വിശദീകരണം വ്യാപക പ്രതിഷേധത്തിനിടയാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍