UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: അഞ്ച് കല്ലട ബസ് ജീവനക്കാര്‍ അറസ്റ്റില്‍

ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പേരെയാണ് അറസ്റ്റാണ് ചെയ്തിരിക്കുന്നത്

യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് കല്ലട ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പേരെയാണ് അറസ്റ്റാണ് ചെയ്തിരിക്കുന്നത്. കല്ലട ട്രാവല്‍സിന്റെ ബസ്സില്‍ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാര്‍ക്ക് ബസ്സുടമയുടെ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. യാത്രാമധ്യേ ബസ്സ് വഴിയില്‍ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ബസ്സ് വഴിയരികില്‍ രാത്രിയില്‍ ദീര്‍ഘനേരം പിടിച്ചിടുകയും അതിന്റെ കാരണം വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കള്‍ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിക്കുകയുണ്ടായി.

കല്ലട ബസ് സര്‍വീസിന്റെ സ്റ്റാഫിനോട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്നും ശരിയായ മറുപടി ലഭിച്ചില്ലെന്ന് ബസ്സിലെ യാത്രക്കാരിലൊരാളായ ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഗുണ്ടകളുടെ ആക്രമണത്തില്‍ പരിഭ്രാന്തിയിലായ ഇദ്ദേഹം ബസ്സിലിരുന്ന് തന്നെ എഴുതിയ കുറിപ്പില്‍ പറയുന്നതു പ്രകാരം ഹരിപ്പാട് വെച്ചാണ് ബസ്സ് തകരാറിലായത്. എന്നാല്‍ ബസ്സ് തകരാറിലായെന്ന കാര്യം യാത്രക്കാരോട് പറയാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പകരം, കാരണമന്വേഷിച്ചവരോട് തട്ടിക്കയറുകയാണുണ്ടായത്.

ഇതിനിടെ പൊലീസ് എത്തുകയും 30 മിനിറ്റോളം സ്ഥലത്ത് നില്‍ക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. മറ്റൊരു സൗകര്യം ഉണ്ടാക്കിക്കൊടുക്കാത്തതില്‍ പൊലീസ് ജീവനക്കാരോട് ദേഷ്യപ്പെടുകയും ചെയ്തു. ഇവര്‍ പിന്നീട് സ്ഥലംവിട്ടു.

ഇതിനുശേഷം 3 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കല്ലടയുടെ മറ്റൊരു ബസ്സ് സ്ഥലത്തെത്തി യാത്രക്കാരെ അതിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്. കുറെനേരം കഴിഞ്ഞപ്പോള്‍ അഞ്ച് പേരോളമടങ്ങുന്ന ഗുണ്ടകള്‍ ബസ്സിലേക്ക് ഇരച്ചുകയറുകയും ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ രണ്ട് യുവാക്കളെ ഇവര്‍ വാഹനത്തിനു പുറത്തേക്ക് തള്ളിയിട്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പുറത്തേക്ക് തള്ളിയിട്ടതിനു ശേഷവും ഇവരെ ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് താന്‍ കണ്ടെന്നും ജേക്കബ് ഫിലിപ്പ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍