UPDATES

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ട്; അഞ്ച് മണിക്ക് മുമ്പ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

താന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കുമാരസ്വാമി പറയുന്നത്.

ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ന് വിശ്വാസവോട്ട് തേടാന്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം വിമതരോട് തിരികെ വരണമെന്നും ബിജെപിയുടെ കുതന്ത്രം തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ന് കുമാരസ്വാമി സര്‍ക്കാരിന്റെ അവസാന ദിനമായിരിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറയുന്നത്.

സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പിയുടെ ഏക എംഎല്‍എയായ എന്‍ മഹേഷിനോട് പാര്‍ട്ടി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടത് സഖ്യസര്‍ക്കാരിന് ആശ്വാസം പകരുന്നുണ്ട്. ഇദ്ദേഹം വിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. സുപ്രിംകോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ വിശ്വാസവോട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം താന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കുമാരസ്വാമി പറയുന്നത്. ധാര്‍മ്മികതയെക്കുറിച്ച് പറയുന്ന ബിജെപി എങ്ങനെയാണ് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും എല്ലാ അടിസ്ഥാനതത്വങ്ങളെയും ലംഘിക്കുന്നതെന്ന് തെളിയിക്കാനാണ് താന്‍ സമയം ആവശ്യപ്പെടുന്നതെന്നാണ് കുമാരസ്വാമിയുടെ വാദം.

അതേസമയം തങ്ങള്‍ തിരിച്ചുപോകില്ലെന്നും ആരും തങ്ങളെ തടഞ്ഞ് വച്ചിട്ടില്ലെന്നുമാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെ വാദം. ഈ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്ലത് ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ജെഡിഎസ് എംഎല്‍എ കെ ഗോപാലയ്യ പുറത്തുവിട്ട വീഡിയോയില്‍ അറിയിച്ചു. മറ്റ് പത്ത് എംഎല്‍എമാര്‍ക്കൊപ്പമാണ് എംഎല്‍എമാര്‍ വീഡിയോയില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ വാജുഭായ് വാല പറഞ്ഞ രണ്ട് സമയത്തും വിശ്വാസവോട്ട് നടക്കാതെ വന്നതോടെ രണ്ട് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇന്ന് അഞ്ച് മണിക്ക് മുമ്പുതന്നെ വിശ്വാസവോട്ട് നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

read more:മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍