UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം; വെട്ടിയത് കൈകളിലും കാലുകളിലും മാത്രം, ക്വട്ടേഷന്‍ സംഘമാണ് പിന്നിലെന്ന് പൊലീസ്

ശാസ്ത്രീയ തെളിവുകളിലൂടെ പ്രതികളിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

മുന്‍ റേഡിയോ ജോക്കിയും മിമിക്രി-നാടന്‍പാട്ടുകലാകാരനുമായ രാജേഷിനെ( രസികന്‍ രാജേഷ്) കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസ്. കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകമായിരുന്നു രാജേഷിന്റെതെന്നും പൊലീസ് പറയുന്നു. എന്നാല്‍ കൊലപാതകം നടത്തിയവരെ കുറിച്ച് ഇതുവരെയും പൊലീസിന് വ്യക്തമായ യാതൊരു സൂചനയും കിട്ടിയിട്ടില്ല. ശാസ്ത്രീയപരമായ തെളിവുശേഖരണത്തിലൂടെ കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

പതിനഞ്ചോളം വെട്ടുകള്‍ രാജേഷിന ഏറ്റിട്ടുണ്ടെങ്കിലും ഒന്നുപോലും അരയ്ക്കു മേലോട്ട് ശരീരത്തില്‍ ഒരു വെട്ടുപോലും ഇല്ല. എല്ലാ വെട്ടുകളും കൈകളിലും കാലുകളിലുമാണ്. രക്തം വാര്‍ന്നാണ് രാജേഷ് കൊല്ലപ്പെട്ടത്. ഈ രീതി ക്വട്ടേഷന്‍ സംഘങ്ങളാണ് നടത്തുന്നത്. വെട്ടേറ്റ് തന്റെ സ്റ്റുഡിയോയ്ക്കുള്ളില്‍ കിടന്നിരുന്ന രാജേഷിനെ വളരെ വൈകി പൊലീസ് എത്തിയശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് രാജേഷിന് ബോധം ഉണ്ടായിരുന്നുവെങ്കിലും മുഖംമൂടി ധരിച്ചതിനാല്‍ അക്രമികളെ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന മൊഴിയായിരുന്നു രാജേഷ് പൊലീസ് നല്‍കിയത്.

അതേസമയം സമീപപ്രദേശങ്ങളിലെ വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. ആലപ്പുഴയില്‍ നിന്നുള്ള സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന സൂചനയും ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ടെന്ന വാര്‍ത്തകളും വരുന്നുണ്ട്.

രാജേഷിന്റെ മൊബൈല്‍ ഫോണാണ് പൊലീസിന്റെ മറ്റൊരു പ്രതീക്ഷ. നിര്‍ണായകമായ എന്തെങ്കിലും വിവരങ്ങള്‍ ഇതില്‍ നിന്നുകിട്ടുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഫോണ്‍ ലോക്ക് ആയതിനാല്‍ ഇതുവരെ പരിശോധിച്ചിട്ടില്ല. ഇതിനായി വിദഗ്ദസഹായം തേടും.

ഖത്തറില്‍ ഉള്ള ഒരു വനിത സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു രാജേഷിന് നേരെ ആക്രമണം ഉണ്ടായത്. കോഴിക്കോട് സ്വദേശിയുടെ ഭാര്യയായ ഈ സ്ത്രീയെ രാജേഷ് ഖത്തറില്‍വച്ചാണ് പരിചയപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്,

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍