UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മരണം: നാലുപേര്‍ കസ്റ്റഡിയില്‍; തോണിക്കാരുടെ മൊഴികള്‍ നിര്‍ണായകമാകുന്നു

ലിഗയെ കണ്ടല്‍ക്കാട്ടിലെത്തിച്ച നാല് പേരെയും തോണിയും തിരിച്ചറിഞ്ഞു

കോവളത്ത് വിദേശ വനിതയെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം വഴിത്തിരിവില്‍. ലിഗയെ കണ്ടല്‍ക്കാട്ടിലെത്തിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോണി കണ്ടെത്തിയിട്ടുണ്ട്. അവരെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നെന്ന് സംശയിക്കുന്ന നാല് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. അതേസമയം ലിഗയുടെ മൃതദേഹം കണ്ടെടുക്കുന്നതിന്റെ തലേന്നും ഇവരെ ഇവിടെ എത്തിച്ചതായി തോണിക്കാരന്‍ മൊഴി നല്‍കി.

ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന വഴികളും പോലീസ് പരിശോധിച്ചു. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെ പേരെ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണം ഏതാനും പേരിലേക്ക് ചുരുങ്ങിയത്. ലിഗയുടെ ദേഹത്തു നിന്നും ലഭിച്ച ജാക്കറ്റ് അവരുടേതല്ലെന്ന് വ്യക്തമായതോടെ സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന ഒരു യോഗ അധ്യാപകനെയും പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. വിദേശ നിര്‍മ്മിതമായ ബ്രാന്‍ഡഡ് ജാക്കറ്റാണ് ലിഗയുടെ ശരീരത്തില്‍ നിന്നും ലഭിച്ചത്.

ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്ന സൂചനകളാണ് അന്വേഷണത്തില്‍ ലഭിക്കുന്നത്. പ്രാദേശിക ലഹരിമരുന്ന് സംഘത്തിലെ അംഗങ്ങളാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള നാല് പേരും. ഇവര്‍ പതിവായി ഇവിടെ എത്തുന്നവരാണെന്നാണ് പ്രദേശവാസിയായ കടത്തുകാരന്‍ രംഗനാഥന്‍ പറയുന്നത്. ചൂണ്ടയിടാനെന്ന വ്യാജേനയാണ് ലഹരി വില്‍പ്പനയ്ക്കായി ഇവരെത്തുന്നതെന്നും രംഗനാഥന്‍ വെളിപ്പെടുത്തി. മനോരമ ന്യൂസാണ് രംഗനാഥന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഫോറന്‍സിക് സംഘം തോണിയില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ചെന്തിലാക്കരിയില്‍ വിദേശികള്‍ എത്താറില്ലായിരുന്നെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും വിദേശികള്‍ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്ന് മറ്റൊരു തോണിക്കാരനായ നാഗേന്ദ്രനും അറിയിച്ചു. കോവളത്തു നിന്നും തോണിയില്‍ ഒരു ഏജന്റ് മുഖേനയാണ് വിദേശികള്‍ ചെന്തിലാക്കരിയില്‍ എക്കുന്നതെന്നും നാഗേന്ദ്രന്‍ വെളിപ്പെടുത്തി. അതേസമയം ലിഗയെ കുരുക്കിട്ട് കൊലപ്പെടുത്തിയതാണെന്ന സൂചനയും ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുറത്തുവിട്ടു. ഇതിനായി ഉപയോഗിച്ച കാട്ടുവള്ളികള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ കുരുക്ക് പോലീസിന് ലഭിച്ചു. അന്വേഷണം അഞ്ച് പേരില്‍ നിന്നും ഒരാളിലേക്ക് ചുരുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ രണ്ട് ദിവസം മുമ്പ് പൂനം പ്രദേശത്തുനിന്നും അപ്രത്യക്ഷനായ മധ്യവസ്‌കന് വേണ്ടിയുള്ള അന്വേഷണവും പോലീസ് ഊര്‍ജ്ജിതമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍