UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നത് ഇങ്ങനെയാണോ? കുര്യാക്കോസ് കാട്ടൂത്തറയുടെ പോസ്റ്റുമോര്‍ട്ടം മാറ്റിവച്ചു

ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശ്രമിച്ചതിലും ദുരൂഹതയുണ്ട്

കഴിഞ്ഞ ദിവസം അന്തരിച്ച കുര്യാക്കോസ് കാട്ടൂത്തറയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ച രീതിയിലും സംശയമുയരുന്നു. ഒരു സഹോദരനോട് വിളിച്ച് മരണ വിവരം അറിയിക്കുന്ന രീതിയിലല്ല ജലന്ധറില്‍ നിന്നും ഒരു അച്ചന്‍ തന്നെ വിളിച്ച് സംസാരിച്ചതെന്ന് ഫാ. കുര്യാക്കോസിന്റെ സഹോദരന്‍ ജോസ് കാട്ടൂത്തറ പറയുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ സാക്ഷി പറഞ്ഞത് ഇദ്ദേഹമായിരുന്നു.

‘കുര്യാക്കോസ് അച്ചന്‍ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം’ എന്ന് മാത്രമായിരുന്നു വിളിച്ചറിയിച്ചത്. ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശ്രമിച്ചതിലും ദുരൂഹതയുണ്ട്. ഇതില്‍ വലിയ ചതിയുണ്ടെന്നാണ് ജോസ് കാട്ടൂത്തറ പറയുന്നത്. ആദ്യകാലത്ത് കന്യാസ്ത്രികളെ ജലന്ധറില്‍ കൊണ്ടുപോയിരുന്നത് കുര്യാക്കോസ് കാട്ടൂത്തറയായിരുന്നു. അതിനാല്‍ തന്നെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിരുന്നത് അദ്ദേഹത്തോടായിരുന്നു.

ഇതിന്റെയെല്ലാം പക ചിലര്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്നു. രണ്ട് മൂന്ന് വര്‍ഷമായി സഭയ്ക്കുള്ളില്‍ നിന്നും അദ്ദേഹം ഭീഷണി നേരിട്ടിരുന്നതായും സഹോദരന്‍ വ്യക്തമാക്കി. വീട് ആക്രമിക്കുകയും മറ്റൊരാളുടെ കാര്‍ അദ്ദേഹത്തിന്റേതാണെന്ന് കരുതി തല്ലിത്തകര്‍ക്കുകയും ചെയ്തു.

അതേസമയം രൂപതാധികൃതര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തങ്ങള്‍ ശത്രുക്കളല്ലെന്നും നല്ല സുഹൃത്തുക്കളാണെന്നുമാണ് രൂപതയുടെ ചുമതലയുള്ള വൈദികരില്‍ ഒരാള്‍ പറഞ്ഞത്. ബന്ധുക്കളുമായി ആലോചിച്ച ശേഷം മാത്രമേ തുടര്‍ നടപടികളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നീട്ടിവച്ചിരിക്കുകയാണ്. ഇതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം മാത്രമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. ഇന്ന് പതിനൊന്ന് മണിയോടെ ബന്ധുക്കള്‍ ജലന്ധറിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍