UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് വായ്പ തട്ടിയെടുത്ത ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

വിവിധ സ്ഥലങ്ങളില്‍ നെല്‍ക്കര്‍ഷക സ്വയം സഹായ സംഘങ്ങളുണ്ടാക്കി അംഗങ്ങളറിയാതെ വായ്പയെടുത്തെന്നും വായ്പ ലഭിക്കാന്‍ കമ്മിഷന്‍ വാങ്ങിയെന്നുമുള്ള പരാതികളിലാണ് അന്വേഷണം നടക്കുന്നത്

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ വായ്പ തട്ടിയെടുത്ത കേസില്‍ ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കുട്ടനാട് കര്‍ഷക സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവി ദുരുപയോഗം ചെയ്താണ് വൈദികന്‍ പണം തട്ടിയെടുത്തത്.

കേസില്‍ പലതവണ മൊഴിയെടുക്കാനായി വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. ഇന്നലെ വൈകിട്ട് മാമ്പുഴക്കരിയിലെ വികസന സമിതി ഓഫീസില്‍ വൈദികന്‍ എത്തിയതറിഞ്ഞ ക്രൈംബ്രാഞ്ച് എത്തുകയും ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാമങ്കരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് പീലിയാനിക്കലിനെതിരെ പല കേസുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചതെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫ് ഇപ്പോഴും ഒളിവിലാണ്.

കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്. വിവിധ സ്ഥലങ്ങളില്‍ നെല്‍ക്കര്‍ഷക സ്വയം സഹായ സംഘങ്ങളുണ്ടാക്കി അംഗങ്ങളറിയാതെ വായ്പയെടുത്തെന്നും വായ്പ ലഭിക്കാന്‍ കമ്മിഷന്‍ വാങ്ങിയെന്നുമുള്ള പരാതികളിലാണ് അന്വേഷണം നടക്കുന്നത്. കര്‍ഷകരുടെ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാവാലം സ്വദേശി കെ സി ഷാജിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം. ക്രമക്കേടുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ 14 കേസുകളാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍