UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരിലെ വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ജനങ്ങള്‍ക്ക് സമാധാനപൂര്‍ണമായ റമസാന്‍ ആചരിക്കുന്നതിന് വേണ്ടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്

ജമ്മു കാശ്മീരില്‍ റംസാനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭീകരര്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വെടിനിര്‍ത്തല്‍ കാലയളവില്‍ പ്രകോപനങ്ങളുണ്ടായിട്ടും സംയമനം പാലിച്ച സൈന്യം അഭിനന്ദനം അര്‍ഹിക്കുന്നതായും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവിമുക്തവും കലാപ വിമുക്തവുമായ ജമ്മു കാശ്മീര്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മെയ് 17 മുതലാണ് കാശ്മീരില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയിരുന്നത്. വെടിനിര്‍ത്തല്‍ തീരുമാനം പിന്‍വലിക്കുന്നതായിരിക്കും നല്ലതെന്ന് ദേശീയ സുരക്ഷ ഏജന്‍സികളും ബിജെപിയും അറിയിച്ചിരുന്നു.

കാശ്മീരിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് രാജ്‌നാഥ് സിംഗ് തീരുമാനം അറിയിച്ചത്.

ജനങ്ങള്‍ക്ക് സമാധാനപൂര്‍ണമായ റമസാന്‍ ആചരിക്കുന്നതിന് വേണ്ടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. രാജ്യം മുഴുവന്‍ ഇതിന് മികച്ച പിന്തുണ ലഭിച്ചു. എന്നാല്‍ ഭീകരര്‍ സാധാരണക്കാരുടെയും സുരക്ഷാ സേനയുടെയും നേര്‍ക്ക് അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ പലരും കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഭീകരരെ നേരിടാന്‍ സാധ്യമായ എല്ലാ മര്‍ഗ്ഗങ്ങളും തേടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുന്നതായും ആഭ്യന്തര മന്ത്രി അറിയിച്ചു.

അതേസമയം വെടിനിര്‍ത്തലിന്റെ ഗുണഭോക്താക്കള്‍ ഭീകരരാണെന്നാണ് ബിജെപി കാശ്മീര്‍ ഘടകം വിലയിരുത്തുന്നത്. ഈവര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥ യാത്ര ഈമാസം 28ന് തുടങ്ങാനിരിക്കെ വെടിനിര്‍ത്തല്‍ തുടരുന്നത് ഉചിതമാകില്ലെന്നാണ് അജിത് ഡോവലിന്റെയും കരസേന മേധാവി ബിപിന്‍ റാവത്തിന്റെയും നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍