UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അലഹബാദില്‍ നിയമവിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഇവന്‍ മരിച്ച ശേഷമേ പോലീസ് പോലും വരികയുള്ളൂവെന്ന് ആക്രമികളിലൊരാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിയമവിദ്യാര്‍ത്ഥിയായ 26കാരന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ആക്രമണത്തില്‍ ദിലീപ് സരോജ് എന്ന വിദ്യാര്‍ത്ഥി മരിച്ചു. ഹോക്കി സ്റ്റിക്, പൊട്ടിയ പൈപ്പുകള്‍, ഇഷ്ടിക എന്നിവ ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു റസ്റ്റോറന്റിന് പുറത്താണ് അക്രമം നടക്കുന്നത്.

ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ദിലീപ് ഇന്ന് രാവിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. മുഖ്യപ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവഴി കടന്നുപോയ യാത്രക്കാരില്‍ ഒരാളാണ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. അബോധാവസ്ഥയിലായ ഇയാള്‍ റസ്‌റ്റോറന്റിന്റെ പടിയില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം.

കൂടാതെ വീഡിയോയിലെ അക്രമികള്‍ മദ്യപിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഇവരെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ ശ്രദ്ധിക്കാതെ കടന്നുപോകുകയായിരുന്നു. ‘ഇവന്‍ മരിച്ച ശേഷമേ പോലീസ് പോലും വരികയുള്ളൂ’വെന്ന് ആക്രമികളിലൊരാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതേസമയം ആരും പോലീസിനെ വിളിക്കാന്‍ പോലും ശ്രമിച്ചതുമില്ല. അക്രമികളെ തടയാന്‍ ശ്രമിച്ചയാളും മറ്റ് ചിലരും ചേര്‍ന്നാണ് ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.

ദിലീപിന്റെ സഹോദരന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലഹബാദിലെ ഒരു വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇവരും അക്രമികളും തമ്മിലുണ്ടായ വാക്ക് തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയും ദിലീപിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപെടുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍