UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഎസ്ടി: 29 ഉല്‍പന്നങ്ങളുടെയും 54 സേവനങ്ങളുടെയും നികുതി നിരക്ക് കുറയ്ക്കാന്‍ തീരുമാനം

റിട്ടേണ്‍ നടപടികള്‍ ലളിതമാക്കാനുള്ള തീരുമാനമാണ് യോഗത്തില്‍ ഏറ്റവും സുപ്രധാനമായത്

ഉപയോഗിച്ച ഇടത്തരം, വലിയ കാറുകള്‍, കായിക ഉപയുക്ത വാഹനങ്ങള്‍, ജൈവ ഡീസല്‍, ജൈവ ഇന്ധനത്തില്‍ ഓടുന്ന പൊതുഗതാഗത ബസ്, തയ്യല്‍ ജോലികള്‍, മെട്രോ, മോണോ റെയില്‍ പദ്ധതികളുടെ നിര്‍മ്മാണം പഞ്ചസാര അടിസ്ഥാനമാക്കി നിര്‍മ്മിച്ച പലഹാരങ്ങള്‍ ജൈവ കീടനാശിനികള്‍, 20 ലിറ്ററിന്റെ കുപ്പിവെള്ളം തുടങ്ങിയ 29 ഉല്‍പന്നങ്ങളുടെയും 54 സേവനങ്ങളുടെയും നികുതി നിരക്ക് കുറയ്ക്കാന്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് വ്യാപാരം ജിചരക്ക് സേവന നികുതിയുടെ കീഴില്‍ കൊണ്ടവരാനുള്ള നീക്കം ചര്‍ച്ചയ്‌ക്കെടുക്കാതെ മാറ്റിവെച്ചു.

റിട്ടേണ്‍ നടപടികള്‍ ലളിതമാക്കാനുള്ള തീരുമാനമാണ് യോഗത്തില്‍ ഏറ്റവും സുപ്രധാനമായത്. ചെറുകിട വ്യാപാരികളുടെ റിട്ടേണ്‍ ലളിതമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. നിലവില്‍ മാസത്തില്‍ മൂന്നുവട്ടമാണ് റിട്ടേണുകള്‍ നല്‍കേണ്ടി വരുന്നത്. ഇത് ലഘൂകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആധാര്‍ അതോറിറ്റി മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലക്കേനി യോഗത്തില്‍ അവതരിപ്പിച്ചു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാവുമെന്ന് യോഗത്തിന് ശേഷം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളെ അറിയിച്ചു.

ഇ-വേ ബില്ലുകള്‍ ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ച്ചു വരെ സാവകാശം നല്‍കാനും യോഗം തീരുമാനിച്ചു. ഇ-വേ ബില്ലുകള്‍ കൃത്യമായി സൂക്ഷിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളാനും തീരുമാനം ഉണ്ടായിട്ടുണ്ട്. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രാള്‍, ഡീസല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ജിഎസിടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തില്‍ ഉണ്ടാവുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

പുതിയ നിരക്കുകള്‍ ജനുവരി 25 മുതല്‍ നിലവില്‍ വരും. വജ്രം, മെഹന്തി പേസ്റ്റ്, പുളിങ്കുരുവിന്റെ പൊടി എന്നിവയ്ക്കും നികുതി കുറച്ചിട്ടുണ്ട്. തീം പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, ഉല്ലാസ റൈഡുകള്‍, മെറി ഗോ റൗണ്ടുകള്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശന നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചിട്ടുണ്ട്. വിദ്യാഭ്യസാ സ്ഥാപനങ്ങളിലെ പ്രവേശനവും പരീക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള എന്‍ട്രന്‍സ് ഫീസ്, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ സേവനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി വരുന്ന സേവനങ്ങള്‍, സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്ന നിയമസഹായങ്ങള്‍ മുതലായ സേവനങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍