UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗത്തിനിരയായ 13കാരിയെ ‘ശുദ്ധീകരിക്കാന്‍’ സമുദായ നേതാക്കള്‍ പരസ്യമായി മുടി മുറിച്ചു

ബെയ്ഗ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് സമുദായ നേതാക്കളില്‍ നിന്നും നേരിട്ടത് ബലാത്സംഗത്തേക്കാള്‍ വലിയ ദുരിതം

ബലാത്സംഗത്തിനിരയായ 13കാരിയ്ക്ക് പിന്നീടും നേരിടേണ്ടി വന്നത് കടുത്ത ദുരിതങ്ങള്‍. സമുദായ നേതാക്കള്‍ അവളെ ‘ശുദ്ധീകരിക്കാനെ’ന്ന പേരില്‍ പരസ്യമായി മുടി മുറിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം സമുദായ ആചാരത്തിന് ഉത്തരവിട്ടവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. ഛത്തീസ്ഗഡിലെ കവാര്‍ധ ജില്ലയിലെ കൊക്ദുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ അഞ്ചിനാണ് മുടിമുറിക്കല്‍ നടന്നത്. ജില്ലാ ആസ്ഥാനത്തു നിന്നും 75 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ജനുവരി 21നാണ് അര്‍ജുന്‍ യാദവ് എന്നയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു പെണ്‍കുട്ടി. സംഭവം കുട്ടി വീട്ടില്‍ പറയുകയും അവര്‍ ഗ്രാമ പഞ്ചായത്തില്‍ വിവരം അറിയിക്കുകയും ചെയ്തു. അതേസമയം പഞ്ചായത്ത് അധികൃതര്‍ അര്‍ജുന്‍ യാദവില്‍ നിന്നും 5000 രൂപ പിഴയീടാക്കി കേസ് തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് കവാര്‍ധ എസ്പി ലാല്‍ ഉമെദ് സിംഗ് അറിയിച്ചു.

എന്നാല്‍ ബെയ്ഗ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് അതിലും വലിയ ശിക്ഷയാണ് സഹിക്കേണ്ടി വന്നത്. ഫെബ്രുവരി നാലിന് സമുദായ നേതാക്കള്‍ നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ പെണ്‍കുട്ടിയെ ‘ശുദ്ധ’യാക്കാനായി മുടിമുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്യമായ ഗ്രാമസഭയിലേക്ക് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി നിങ്ങളുടെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതോടെ അശുദ്ധയായെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു മുടിമുറിക്കല്‍ പ്രഖ്യാപിച്ചത്.

പെണ്‍കുട്ടിയെ മുടി മുറിച്ച് ശുദ്ധയാക്കുന്ന ചടങ്ങ് കുടുംബാംഗങ്ങളും ആഘോഷമായാണ് സംഘടിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റു ചെയ്യുകയായിരുന്നെന്ന് എസ്പി വ്യക്തമാക്കി. അതേസമയം ആചാരത്തിന്റെ പെണ്‍കുട്ടിയുടെ മുടിമുറിച്ച കേസില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍