UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാന സ്‌കൂളിലെ ഏഴ് വയസ്സുകാരന്റെ മരണം: അന്വേഷണത്തില്‍ പാളിച്ച പറ്റിയെന്ന് സമ്മതിച്ച് പോലീസ്

കേസ് അന്വേഷണത്തിലുണ്ടായ പാളിച്ചയുടെ പശ്ചാത്തലത്തില്‍ അന്വേഷണസംഘത്തെ പോലീസ് കമ്മിഷണര്‍ താക്കീത് ചെയ്തു

ഹരിയാനയിലെ ഗുരുഗ്രാമിലെ റയാന്‍ സ്‌കൂളില്‍ ഏഴ് വയസ്സുകാരന്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കേസില്‍ അന്വേഷണത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഹരിയാന പോലീസ്. കൊലപാതക കേസ് തെളിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം ഗുരുഗ്രാം പോലീസ് കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അന്വേഷണസംഘം തെറ്റ് സമ്മതിച്ചത്. സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് അന്വേഷണ സംഘം കമ്മിഷണറോട് സമ്മതിച്ചു.

സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ആദ്യ എട്ട് സെക്കന്‍ഡില്‍ സ്‌കൂള്‍ ബസിന്റെ കണ്ടക്ടറായ അശോക് കുമാര്‍ കൊല്ലപ്പെട്ട പ്രദ്യുമാന്‍ താക്കൂറിനെ സ്‌കൂളിലെ ബാത്ത്‌റൂമിലേക്ക് വിളിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലനടത്തിയത് ഇയാളാണെന്ന് അന്വേഷണ സംഘം വിലയിരുത്തുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ഇപ്പോള്‍ കുറ്റവാളിയെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കണക്കിലെടുക്കുകയും വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും ചെയ്യാതെ അശോക് കുമാറിനെ കൊലപാതകിയായി ചിത്രീകരിക്കുകയായിരുന്നു പോലീസ് എന്ന് സിബിഐ കണ്ടെത്തി.

പ്രദ്യുമാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം കഴിഞ്ഞ ദിവസമാണ് കേസന്വേഷണം ഏറ്റെടുത്ത സിബിഐ പുറത്തുവിട്ടത്. അശോക് കുമാറാണ് കേസില്‍ പ്രതിയെന്ന പോലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊല നടത്തിയതെന്നും സിബിഐ കണ്ടെത്തി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അശോക് കുമാറിനെ കുറ്റക്കാരനായി ചിത്രീകരിച്ച് കേസ് ഒതുക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചതെന്നും സിബിഐ കണ്ടെത്തി. അശോക് കുമാറിനെ പ്രതിയാക്കാന്‍ പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന പരാതിയും സിബിഐ അന്വേഷിച്ചു.

സ്‌കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിനാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഫരീദാബാദിലെ ജുവനൈല്‍ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കേസ് അന്വേഷണത്തിലുണ്ടായ പാളിച്ചയുടെ പശ്ചാത്തലത്തില്‍ അന്വേഷണസംഘത്തെ പോലീസ് കമ്മിഷണര്‍ താക്കീത് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍