UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഇന്നും കനത്ത മഴ: വെള്ളത്തില്‍ മുങ്ങി നാടും നഗരവും

കനത്ത മഴയെ തുടര്‍ന്ന് ആലുവ ശിവരാത്രി മണപ്പുറം വെള്ളത്തിനടിയിലായി

കേരളത്തില്‍ ഇന്നും പലയിടങ്ങളിലും കനത്ത മഴ. കൊച്ചി, കോഴിക്കോട് ജില്ലകളിലും ഇടുക്കി, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലുമാണ് മഴ രൂക്ഷമായി തുടരുന്നത്. കൊച്ചിയില്‍ വൈറ്റില പവര്‍ഹൗസിനടുത്ത് മരം റോഡിലേക്ക് കടപുഴകി വീണതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ റൂട്ടില്‍ ബസ് ഗതാഗതം തടസ്സപ്പെട്ടു.

പാലക്കാട് അട്ടപ്പാടി ചുരത്തില്‍ പത്താംവളവില്‍ മലയിടിച്ചിലുണ്ടായി. കാഞ്ഞിരപ്പുഴ പൂഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. നിലമ്പൂര്‍ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനം മുടങ്ങി. ചെക്ക് ഡാമിനോട് ചേര്‍ന്ന് ടണല്‍ തുടങ്ങുന്ന പ്രദേശത്തേക്കാണ് കല്ലും മണ്ണും ഇടിഞ്ഞു വീണത്. താമരശേരി, കൂരാച്ചുണ്ട്, കുറ്റ്യാടി മേഖലയില്‍ മഴ ഇടവിട്ട് പെയ്യുകയാണ്. അതേസമയം താമരശേരി ചുരം വഴിയുള്ള ഗതാഗത നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ട്.

തിരുവനന്തപുരം, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിലെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി ആരംഭിച്ച മഴയില്‍ ഇതുവരെ മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ആലുവ ശിവരാത്രി മണപ്പുറം വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് മണപ്പുറം മുങ്ങിയത്. ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതിന് മുമ്പ് 2013ലും പെരിയാറില്‍ ജലനിരപ്പുയര്‍ന്ന് ക്ഷേത്രം വെള്ളത്തിനടിയിലായിരുന്നു. ക്ഷേത്രം പൂര്‍ണമായും മുങ്ങുന്നത് പ്രകൃതി ദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം. ഇതനുസരിച്ച് ഇന്ന് പുലര്‍ച്ചെ പ്രത്യേക പൂജകളും സംഘടിപ്പിച്ചു. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍