ബാര്‍ കോഴക്കേസിനെ തുടര്‍ന്നാണ് യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും മാണിക്ക് രാജിവയ്ക്കേണ്ടി വന്നത്
ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. കെഎം മാണിയുടെ മരണത്തെ തുടര്‍ന്നാണ് കേസുകള്‍ തീര്‍പ്പാക്കിയത്. മാണി മരിച്ചതിനാല്‍ കേസ് നിലനില്ക്കാത്തതിനെ തുടര്‍ന്നാണ് കേസുകള്‍ അവസാനിപ്പിച്ചത്.
ബിജു രമേശ്, വിഎസ് അച്യുതാനന്ദന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ഒത്തുതീര്‍പ്പാക്കിയത്. ഇന്നലെയാണ് മാണി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് വന്ജലാവലിയുടെ അകമ്പടിയോടെ അദ്ദേഹത്തിന് കോട്ടയത്ത് അന്ത്യയാത്ര നല്‍കുകയാണ്. നാളെയാണ് സംസ്കാരം.
ബാര്‍ കോഴക്കേസിനെ തുടര്‍ന്നാണ് യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും മാണിക്ക് രാജിവയ്ക്കേണ്ടി വന്നത്. കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ തുടരന്വേഷണ അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്പെഷല്‍ ജഡ്ജിയുടെ തുടരന്വേഷണ ഉത്തരവില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടണം എന്ന അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിഎസ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമഭേദഗതി വരുന്നതിന് മുമ്പുള്ള കേസാണ് ഇതെന്നും അതിനാല്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും വിഎസ് വാദിച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നല്കിയ പരാതിയില്‍ 2014ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തില്‍ സര്‍ക്കാര്‍ അനുമതി തേടണമെന്ന ഭേദഗതി വന്നത് ഇക്കൊല്ലം ജൂലൈയിലാണ്. രണ്ട് മാസത്തിന് ശേഷം സെപ്തംബറില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവും വന്നു.