UPDATES

വിപണി/സാമ്പത്തികം

‘വിറ്റ സാധനം തിരിച്ചെടുക്കില്ല’ എന്ന് ഇനി പറയാനാകില്ല; ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതിയും

ഈ നിബന്ധന ബില്ലിലും വയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി

‘വിറ്റ സാധനം തിരിച്ചെടുക്കുകയോ, മാറ്റിനല്‍കുകയോ ചെയ്യില്ല’ എന്ന് പറയാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് (സിയാല്‍) സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ നിബന്ധന ബില്ലിലും വയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്റീനില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ക്ക് നല്‍കിയ ബില്ലില്‍ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല’ എന്ന് എഴുതിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നം മാറ്റി വാങ്ങാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഹര്‍ജി നല്‍കിയിരുന്നു. പരാതി പരിശോധിച്ച എറണാകുളം ഫോറം വിജിലന്‍സ് ഫോറത്തിന്റെ വാദം അംഗീകരിക്കുകയും കേസ് നടത്തിപ്പ് ചെലവിലേക്കായി പരാതിക്കാരന് അയ്യായിരം രൂപ നല്‍കാന്‍ വിധിക്കുകയും ചെയ്തു.

ഇതിനെതിരെ സിയാല്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന കമ്മിഷന്‍ അപ്പീല്‍ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിയാല്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇത്തരമൊരു അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമാണെന്നാണ് ഹൈക്കോടതിയും നിരീക്ഷിച്ചത്. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം പ്രസിഡന്റ് എംഎന്‍ മനോഹര്‍, സെക്രട്ടറി സെബാസ്റ്റിയന്‍ എബ്രഹാം എന്നിവരാണ് ഏഴ് വര്‍ഷം നീണ്ടു നിന്ന നിയമപോരാട്ടം നടത്തിയത്.

also read:മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍