പൊലീസ് ആസ്ഥാനത്തെ ഐ ജി ദിനേന്ദ്ര കശ്യപിന്റെ വാഹനത്തിലാണ് പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദ സ്വാമി കുമ്മനത്തെ കാണാനെത്തിയത്
ബിജെപി നേതാവും തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരനെ സന്ദര്‍ശിക്കാന്‍ പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദ സ്വാമി എത്തിയത് പൊലീസ് ഐജിയുടെ ഔദ്യോഗിക വാഹനത്തില്‍. സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കരമനയില്‍ കുമ്മനം രാജശേഖരന്റെ വസതിക്കു മുന്നില്‍, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അദ്ദേഹത്തിന് ലഭിച്ച ഷോളുകളും മറ്റ് വസ്തുക്കളും വിതരണം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇവിടേയ്ക്കാണ് ശ്രീകൃഷ്ണാനന്ദ സ്വാമി പൊലീസ് ആസ്ഥാനത്തെ ഐജിയായ ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തില്‍ എത്തിയത്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം. വിവാദമായതോടെ ഐജിയുടെ കാറില്‍ സ്വാമി സഞ്ചരിച്ചതിനെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ ഐ ജി ദിനേന്ദ്ര കശ്യപിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പയ്യന്നൂര്‍ മഠത്തിലെ സ്വാമിയെ തിരികെ പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടാന്‍ പോകുന്ന വഴിയില്‍ കരമനയില്‍ എത്തിയപ്പോള്‍ അദ്ദേഹം കുമ്മനത്തെ കാണാന്‍ ഇറങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാറില്‍ ഈ സമയം സ്വമിക്കൊപ്പം ഐജി ഉണ്ടായിരുന്നില്ലെന്നും വിശദീകരണത്തില്‍ അറിയിക്കുന്നു.